കോഴിക്കോട്: 1967ൽ പ്രസിദ്ധീകരിക്കപ്പെട്ട ഭാസി മലാപ്പറമ്പിന്റെ നോവലായ മനസ്സുകൾ സാഗരങ്ങൾ 55 വർഷങ്ങൾക്ക് ശേഷവും പ്രസ്‌ക്തമാകുന്നത് സാഹിത്യത്തിന്റെ അനശ്വരതയാണ് സൂചിപ്പിക്കുന്നതെന്നും മഹാനടൻ സത്യൻ ഈ നോവൽ സിനിമയാക്കണമെന്ന് സംവിധായകൻ ഹരിഹരനോട് നിർദ്ദേശിക്കാൻ കാരണം ചലചിത്ര ഭാഷ്യത്തിന് ഉതകുന്ന രചനാ വിന്യാസമുള്ളതിനാലാണെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. കഥയുടെ ക്രാഫ്റ്റ് (ശിൽപം) മനസ്സിലാക്കിയ എഴുത്തുകാരനാണ് ഭാസി മലാപ്പറമ്പ്. അതുകൊണ്ടുതന്നെ ഈ കൃതി ആദിമധ്യാന്ത പൊരുത്തമുള്ളതാണ്. ഫുട്‌ബോൾ കളിക്കാരനും പ്രഗത്ഭനായ സ്‌പോർട്‌സ് ലേഖകനുമായ ഇദ്ദേഹം ജീവിതമെന്ന കളിയിലെ കാര്യം കണ്ടെത്തുകയും ആസ്വാദ്യകരമായി നമുക്ക് പറഞ്ഞു തരികയുമാണ് ഈ നോവലിലൂടെ. മനസ്സുകൾ സാഗരങ്ങൾ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എക്കു നൽകി പുസ്തകം പ്രകാശനം ചെയ്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വോ, കെ.സി.അബു, ഇ.പി.ജ്യോതി ആശംസകൾ നേർന്നു. പുത്തൂർമഠം ചന്ദ്രൻ സ്വാഗതവും അഡ്വ.എം.രാജൻ നന്ദിയും പറഞ്ഞു. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ.