കോഴിക്കോട്: മഹാകവി കുമാരാനാശാന്റെ ജീവിതത്തിലെ അവസാനത്തെ ആറുവർഷത്തെ പ്രമേയമാക്കി മലയാളത്തിലെ കഥ, തിരക്കഥ, സംവിധാന നിർമ്മാണ രംഗത്തെ പ്രതിഭയായ കെ.പി.കുമാരൻ തന്റെ 83-ാമം വയസ്സിൽ ഗ്രാമ വൃക്ഷത്തിലെ കുയിൽ സിനിമയുമായി എത്തുന്നു. ഏപ്രിൽ 8ന് റിലീസ് ചെയ്യും. കുമാരാനാശാന്റെ 150-ാം ജന്മ വാർഷികത്തിൽ ഇത്തരമൊരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് കെ.പി.കുമാരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാളിയുടെ മനസ്സ് ഉഴുതുമറിച്ച് വിത്ത് വിതച്ച ആളാണ് കുമാരാനാശാൻ. കവിയെന്ന നിലയ്ക്കും. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനെന്നതിലുമുപരി ആശാന്റെ ജീവിതത്തിലെ 4 ഘട്ടങ്ങളാണ് സിനിമയിലെ ഉള്ളടക്കം. ആശാന്റെ ജീവിതം കാവ്യ കൃതികളിൽ ഒതുങ്ങുന്നതല്ല. കവിയെന്ന നിലയിൽ വലിയ അംഗീകാരം ലഭിച്ചെങ്കിലും കീഴാള ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ നായകൻ, മികച്ച പത്രാധിപർ, ശ്രീമൂലം പ്രജാ സഭയിലും തിരുവിതാംകൂർ നിയമസഭ അംഗം എന്ന നിലകളിലും അദ്ദേഹം വഹിച്ച പങ്ക് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കുമാരനാശാനെ കേരളീയ സമൂഹത്തിന് വേണഅടത്ര തിരിച്ചറിയാനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആശാനായി വേഷമിടുന്നത് സംഗീതജ്ഞൻ ശ്രീവൽസൻ.ജെമേനോനാണ്. ഛായാഗ്രാഹകൻ കെ.ജി.ജയൻ, ശബ്ദ ലേഖകൻ ടി.കൃഷ്ണനുണ്ണി, കലാസംവിധായകൻ സന്തോഷ് രാമൻ, ചമയം പട്ടണം റഷീദ്. സംഗീത സംവിധാനംകൂടി നിർവ്വഹിച്ച ശ്രീവൽസന്റെ കാവ്യാലാപനത്തോടൊപ്പം മീര, ആശാന്റെ സ്ത്രീ കഥാപാത്രങ്ങളായ സീത, സാവിത്രി, മാതംഗി , വാസവദത്ത എന്നിവർക്ക് സാങ്കൽപിക സാന്നിധ്യം സൃഷ്ടിച്ചിട്ടുണ്ട്. ആശാനോട് കെ.പി.കുമാരനും തനിക്കുമുള്ള ആദരവാണ് ഈ സിനിമ നിർമ്മിക്കാൻ പ്രചോദനമായതെന്ന് കെ.പി.കുമാരന്റെ പത്‌നി എം.ശാന്തമ്മ പിള്ള പറഞ്ഞു.