കോഴിക്കോട്: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കുറ്റിച്ചിറ, ഇടിയങ്ങര പ്രദേശങ്ങളിലേക്ക് വലിയങ്ങാടിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ റെയിൽവേസ്റ്റേഷൻ പടിഞ്ഞാറ് ഭാഗം സ്ഥിതചെയ്യുന്ന തൃക്കോവിൽ ഇടവഴി വീതികൂട്ടി ഗതാഗത യോഗ്യമാക്കണമെന്ന് കുറ്റിച്ചിറ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ യോഗം കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കുറ്റിച്ചിറ പൈതൃക പദ്ധതി പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ വീതി കൂട്ടുന്ന വഴി സന്ദർശകർക്ക് കൂടുതൽ പ്രയോജന പ്രദമായിരിക്കും. പദ്ധതി പ്രദേശത്ത് കോർപ്പറേഷൻ ശുചിത്വ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.ടി.ആസാദ് അദ്ധ്യക്ഷത വഹിച്ചു. റസിഡൻസ് അസോസിയേഷൻ രൂപീകരണ യോഗം വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ കോയ ഉദ്ഘാടനം ചെയ്തു. ഉമ്മർ നടുവിലകം, സി.കെ സാജി, പി.സുനിൽ ബാബു, എൻ.ലബീബ്, കെ.വി.അബ്ദുറഹ്മാൻ പ്രസംഗിച്ചു.
റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായി പ്രസിഡണ്ട് ഉമ്മർ നടുവിലകം, വൈസ് പ്രസിഡണ്ട് പി.സുനിൽ ബാബു, പി.ടി.കോയമൊയ്തീൻ, ബി.വി.ഉമ്മർ കോയ, ജന.സെക്രട്ടറി പി.ടി.ആസാദ്, സെക്രട്ടറിമാർ എൻ.ലബീബ്, മുഹമ്മദ് സാദിഖ്, ട്രഷറർ കെ.വി.അബ്ദുറഹിമാൻ തിരഞ്ഞെടുത്തു.