കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മദ്യ ഭരണ ഭീകരതയ്‌ക്കെതിരെ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി 15ന് സെക്രട്ടറിയേറ്റ് മാർച്ചും, ധർണ്ണയും സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഷപ്പ് സൂസെപാക്യം പരിപാടി ഉൽഘാടനം ചെയ്യും. മുന്നണി ചെയർമാൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും.ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മത സാമുദായിക സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതാക്കൾ പ്രസംഗിക്കും. കാലത്ത് 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. കഴിഞ്ഞ 6 വർഷമായി പിണറായി സർക്കാർ അബ്കാരികളെ പ്രീണിപ്പിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാനത്ത് 29 ബാറുകളാണുണ്ടായിരുന്നത്. ഇന്ന് 850 കടന്നിരിക്കുകയാണ്. കെ.ടി.ജലീൽ മന്ത്രിയായിരിക്കുമ്പോഴാണ് 2017ലെ റംസാൻ കാലത്ത് ഉമ്മൻചാണ്ടി സർക്കാർ പുന:സ്ഥാപിച്ച തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അട്ടിമറിച്ചത്. ഇതോടുകൂടി തോന്നുന്നിടങ്ങളിൽ മദ്യ മുതലാളിമാർക്ക് ബാറുകൾ തുറക്കാനവസരം ലഭിച്ചതെന്നദ്ദേഹം പറഞ്ഞു.
അബ്കാരി കുറ്റം നിസ്സാരമാക്കുക, ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കുക, ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യശാലകളുടെ നിരോധനമെന്ന സുപ്രീം കോടതി വിധി ദുർബലപ്പെടുത്താൻ പാതകളുടെ പേര് മാറ്റാൻ പോലും തയ്യാറായതായി അദ്ദേഹം ആരോപിച്ചു.
ഐടി പബ്ബുകൾ, കുടുംബശ്രീവഴി മദ്യം ഉണ്ടാക്കുവാനുള്ള നടപടികൾ കേരളത്തെ തകർക്കും. മദ്യവും മയക്കുമരുന്നുപയോഗിച്ചുള്ള ക്രൂരതകളുടെ വാർത്തകളാണ് നിത്യവും കേൾക്കുന്നത്. കൊറോണ കാലത്ത് മദ്യം ലഭ്യമല്ലാതിരുന്നതിന്റെ ഗുണഫലം സമൂഹംകണ്ടതാണ്. ഗുണ്ടാവാഴ്ച, സാമൂഹിക സംഘർഷങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ, വാഹനാപകടങ്ങൾ കുറഞ്ഞു. മദ്യ കടകളിൽ എത്തേണ്ടിയിരുന്ന 3000 കോടി രൂപ കുടുംബങ്ങളിൽ ചിലവഴിക്കപ്പെട്ടു. മദ്യവും, മയക്കുമരുന്നും ഉയർത്തുന്ന ഭീഷണി ചെറുത്തില്ലെങ്കിൽ വലിയ പ്രത്യാഘാതം സമൂഹത്തിനുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി ജേക്കബ് ചാവറ (കെസിബിസി മദ്യവിരുദ്ധ സമിതി), അനൂപ് അർജുൻ വേങ്ങേരി(ഗുരുധർമ്മ പ്രചാരണ സഭ), സിയാസുദീൻ ഇബ്‌നുഹംസ സോളിഡാരിറ്റിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.