കോഴിക്കോട്: മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ നിയമ നിർമ്മാണങ്ങളുണ്ടാക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ ബ്രീട്ടീഷുകാരും ഇതാണ് ചെയ്തത്. ജെയിംസ്മിൽ എന്ന ഇംഗ്ലീഷുകാരൻ ഇന്ത്യാ ചരിത്രത്തെ ഹിന്ദു കാലഘട്ടം, മുസ്ലിം കാലഘട്ടം, ബ്രിട്ടീഷ് ഭരണ കാലത്തെ ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയത്.
200 വർഷം ഭരണം നടത്തിയ മുഗളന്മാർ ഇസ്ലാംമത പ്രചരണം നടത്തിയിട്ടില്ല. ബാബർ ഏറ്റവും വലിയ യുദ്ധം നടത്തിയത് ഇബ്രാഹിം ലോദിയുമായിട്ടായിരുന്നു. റാണയുമായി യുദ്ധം ചെയ്യുമ്പോൾ ഹിന്ദു രാജാക്കന്മാരാണ് ബാബറെ സഹായിച്ചത്. 60 വർഷം രാജ്യം ഭരിച്ചത് കോൺഗ്രസ്സാണ്. നെഹ്‌റു അടക്കമുള്ള ഭരണാധികാരികൾ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്. ഇന്ന് രാജ്യം ഭരിക്കുന്നവർക്ക് ഇന്ത്യാ ചരിത്ര നിർമ്മിതിയിൽ വില്ലന്റെ സ്ഥാനമാണുള്ളതെന്നദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ട് ബീറ്റ് ഓഫ് കാലിക്കറ്റ് സംഘടിപ്പിച്ച രാഷ്ട്ര ശിൽപ്പികൾ തമസ്‌ക്കരിക്കപ്പെടുന്നതിന്റെ രാഷ്ട്രീയം എന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർട്ട് ബീറ്റ് ഓഫ് കാലിക്കറ്റ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ, ടി.കെ.എ.അസീസ്, അഡ്വ.എം.രാജൻ സംസാരിച്ചു. സെക്രട്ടറി എം.കെ.രാജീവ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.സി.അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.