കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് 10ന് വ്യാഴം വൈകിട്ട് 4 മണിക്ക് വൺ ഇന്ത്യ കൈറ്റ് ടീം ഇഖ്‌റ ഹോസ്പിറ്റലുമായി സഹകരിച്ച് ബീച്ചിൽ പട്ടം പറത്തൽ സംഘടിപ്പിക്കും. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ പത്തോളം ഭീമാകാരമായ പട്ടങ്ങളാണ്, വൃക്ക സംരക്ഷണത്തിന്റെ പ്രാധാന്യം, വൃക്ക രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, വൃക്ക ദാനം ചെയ്യുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആവശ്യകത എന്നീ സന്ദേശങ്ങളുമായി കോഴിക്കോടൻ കടപ്പുറത്ത് വാനിലുയർന്ന് പറക്കുക. നൂറോളം ആരോഗ്യ പ്രവർത്തകർ പട്ടം പറത്തലിൽ പങ്കാളികളാകും.
പട്ടം പറത്തൽ വിനോദവും സ്‌പോർട്‌സും മാത്രമല്ല സാമൂഹിക പ്രതിബദ്ധതയിലധിഷ്ഠിമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വൺ ഇന്ത്യ കൈറ്റ് ക്യാപ്റ്റനും, രാജ്യാന്തര പട്ടം പറത്തൽ വിദഗ്ധനുമായ അബ്ദുള്ള മാളിയേക്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൃക്ക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ചികിത്സകളെക്കുറിച്ചും അവബോധമുണ്ടാക്കാൻ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണെന്ന് ഫൈസൽ ബാബു.പി പ്രോജക്ട് മാനേജർ ഇഖ്‌റ ഹോസ്പിറ്റൽ കൂട്ടിച്ചേർത്തു.
റംസി.ഇ.കെ.(ഇഖ്‌റ ഹോസ്പിറ്റൽ), അഡ്വ.ഷമീം പക്‌സാൻ മെമ്പർ നാഷണൽ കമ്മിറ്റി വൺ ഇന്ത്യ കൈറ്റ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.