കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളിൽ നിന്ന് പ്രവർത്തകർ രാജിവെച്ച് പോകുന്നു എന്ന വാർത്തകൾ വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ രാജിവെച്ച അജയ കുമാർ 12 കൊല്ലം മുമ്പാണ് പാർട്ടിയിൽ ചേർന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഉയർന്ന സ്ഥാനങ്ങളാണ് ഈ വ്യക്തിക്ക് പാർട്ടി നൽകിയത്. സജീവ പാർട്ടി പ്രവർത്തകരെ മാറ്റി നിർത്തിയാണ് കോർപ്പറേഷൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചത്. ഇക്കാര്യം സംസ്ഥാന നേതൃത്വം പരിശോധിക്കണം. ഇദ്ദേഹത്തിന് നൽകിയ അമിത പ്രാധാന്യത്തിൽ വിയോജിപ്പുള്ള നിരവധി പ്രവർത്തകർ ഇപ്പോൾ പാർട്ടിയിൽ സജീവമായിട്ടുണ്ട്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മൽസരിക്കാനാവാത്തതും ഇയാളുടെ പാർട്ടി വിട്ട്‌പോക്കിന് കാരണമാണ്. തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ഇദ്ദേഹത്തിന് പാർട്ടിക്ക് ലഭിക്കുന്ന സ്ഥാനങ്ങൾ തനിക്ക് സംവരണം ചെയ്തതാണെന്ന തോന്നലാണെന്നവർ കുറ്റപ്പെടുത്തി. പാർട്ടിയിലേക്ക് ഏകനായി കടന്നുവന്ന് തനിക്കർഹതയില്ലാത്ത സ്ഥാനമാനങ്ങൾ നേടിയെടുത്തശേഷം ഇനിയൊന്നും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് പാർട്ടിവിട്ടത്. ഇദ്ദേഹം ഇടതുപക്ഷ സ്ഥാനാർത്ഥിയായി വന്നാൽ എതിരെ രംഗത്തിറങ്ങും. സിപിഎംലേക്കാണ് പോയിട്ടുള്ളത്. ഇക്കാര്യം സിപിഎം ആണ് പരിശേധിക്കേണ്ടത്. ഇയാളുടെ കൂടെ പാർട്ടിവിട്ടു എന്ന് പറഞ്ഞ് പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോയിലുള്ളവർ ആരും പാർട്ടി അംഗങ്ങളല്ല. എൽഡിഎഫ് എന്ന സംവിധാനം നിലനിർത്താൻ സ്ഥാനമാനങ്ങൾ നോക്കാതെ ത്യാഗം ചെയ്യുന്ന പ്രസ്ഥാനമാണ് ലോക് താന്ത്രിക് ജനതാദൾ. ജില്ലാ സെക്രട്ടറി എൻ.സി.മോയിൻകുട്ടി, കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് ജയൻ വെസ്റ്റ്ഹിൽ സൗത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.കെ.കുഞ്ഞിമോൻ, സൗത്ത് നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ഷാജി പന്നിയങ്കര, യുവ ജനതാദൾ ജില്ലാ സെക്രട്ടറി മുസ്സമ്മിൽ കൊമ്മേരി സംബന്ധിച്ചു.