കോഴിക്കോട്: ശ്രവണ സംരക്ഷണത്തിൽ ജാഗ്രത പുലർത്തണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. ബീച്ചിൽ അസെന്റ് ഇഎൻടി ആശുപത്രി നടത്തിയ ലോക കേൾവി ദിന സംഗമവും പോസ്റ്റർ പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവർ നമ്മെ കേൾക്കുന്നതുപോലെ മറ്റുള്ളവരെ കേൾക്കാനുള്ള സാഹചര്യങ്ങൾ നമ്മളും സൃഷ്ടിക്കപ്പെടണമെന്നദ്ദേഹം പറഞ്ഞു. ശബ്ദ മലിനീകരണത്തിനെതിരെ ബോധവൽക്കരണത്തോടൊപ്പം നിയമ നിർമ്മാണങ്ങളും നടപ്പിലാക്കണം.അസന്റ് ഇഎൻടി ആശുപത്രി ചെയർമാൻ ഡോ.പി.കെ.ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ശബ്ദമുഖരിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാർക്കുള്ള കേൾവി പ്രതിരോധ ഉപകരണ വിതരണം കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.കെ.രാജു പോലീസ് അസോസിയേഷൻ-കോഴിക്കോട് യൂണിറ്റ് സെക്രട്ടറി ഷാജുവിന് നൽകി നിർവ്വഹിച്ചു. എഒഐ പ്രസിഡണ്ട് ഡോ.ശങ്കർ മഹാദേവൻ, സെക്രട്ടറി ഡോ.അനൂപ്, മലബാർ ബധിര അസോസിയേഷൻ പ്രസിഡണ്ട് ആർ. ജയന്ത് കുമാർ, അഡൈ്വസറി ബോർഡ് മെമ്പർ റസാഖ്, അസെന്റ് ഇഎൻടി സീനിയർ ഡോക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ.ബിജിരാജ് വി.വി, ഡോ.അർഷാദ് സംസാരിച്ചു. കേൾവി ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനാ മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ സിൽവർഹിൽ സ്കൂൾ വിദ്യാർത്ഥി ഇമ അനൂപിന് 5000 രൂപയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനം നേടിയ വേദവ്യാസ സ്കൂളിലെ അവന്തികക്ക് 3000 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടിയ ബിഇഎം മാനാഞ്ചിറ സ്കൂളിലെ പ്രഭിഷക്ക് 2000 രൂപയും സർട്ടിഫക്കറ്റും തോട്ടത്തിൽ രവീന്ദ്രൻഎം.എൽ.എ സമ്മാനിച്ചു. ഹോസ്പിറ്റൽ മാനേജർ ഷിനോജ് പെരുവപ്പറമ്പൻ നന്ദി പറഞ്ഞു.