കോഴിക്കോട്: അത്തോളി പഞ്ചായത്തിന് കളിസ്ഥലത്തിനായി 1.11 ഏക്കർ ഭൂമി സൗജന്യമായി കൈമാറിയ പ്രവാസിയും സാംസ്‌കാരിക-ജീവകാരുണ്യ പ്രവർത്തകനുമായ സാജിദ് കോറോത്തിനെ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചങ്ങാതിക്കൂട്ടം ആദരിക്കുമെന്ന് ഭാരവാഹഗികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 13ന് ഞായർ തലക്കുളത്തൂർ മിയാമി കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സ്‌നേഹാദരം സാംസ്‌കാരിക സദസ് ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
ബാഡ്്മിന്റൻ ഏഷ്യൻ താരം അപർണ്ണ ബാലൻ മുഖ്യാതിഥിയാകും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. ചങ്ങാതിക്കൂട്ടം രക്ഷാധികാരി ജാഫർ അത്തോളി അധ്യക്ഷത വഹിക്കും. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.പ്രമീള, കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ ആശംസകൾ നേരും. ജെ.സി.ഡാനിയേൽ പുരസ്‌കാര ജേതാവ് പി.ജയചന്ദ്രനും ഗായകൻ ചെങ്ങന്നൂർ ശ്രീകുമാറും ചേർന്ന് സംഗീത സായാഹ്നം-മെഹ്ഫിൽ ഒരുക്കും. പി.ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സല്ലാപമാണ് മെഹ്ഫിൽ. പ്രവേശനത്തിന് പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ചങ്ങാതിക്കൂട്ടം രക്ഷാധികാരി ജാഫർ അത്തോളി, സംഘാടക സമിതി ജനറൽ കൺവീനർ ആർ.എം.ബിജു, പ്രോഗ്രാം ചെയർമാൻ അജീഷ് അത്തോളി, കൺവീനർ ബൈജു അത്തോളി, പബ്ലിസിറ്റി കൺവീനർ രാജേഷ് ബാബു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.