ആധാരമെഴുത്തുകാരുടെ സമരം 9ന്

കോഴിക്കോട്: പരമ്പരാഗത ആധാരമെഴുത്തുകാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും, സർക്കാർ തീരുമാനമെടുത്തിട്ടും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെയും ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 9ന് ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കി സൂചനാ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ഐജി(ആർ) ഓഫീസ്, മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിലും ധർണ്ണ നടത്തും. സർക്കാർ പ്രഖ്യാപിച്ച പല തീരുമാനങ്ങളും ഉദ്യാഗസ്ഥരുടെ നിസ്സഹകരണം മൂലം ഇതുവരെ നടപ്പിലായിട്ടില്ല. ആധാരം എഴുത്ത് ഫീസ് 13 വർഷമായി വർദ്ധിപ്പിച്ചിട്ടില്ല. വസ്തു കൈമാറ്റത്തിന് എഞ്ചിനീയർമാർ നൽകുന്ന ബിൽഡിംഗ് വാല്യുവേഷൻ സർട്ടിഫിക്കറ്റിൽ സംസ്ഥാനതല ഏകീകരണമില്ലാത്തതും, ഫെയർവാല്യു നിശ്ചയിച്ചതിലെ അശാസ്ത്രീയത മൂലവും രജിസ്‌ട്രേഷൻ മേഖലയിൽ ഇപ്പോഴും അഴിമതി തുടരുകയാണ്. ആധുനിക വൽക്കരണം നടപ്പാക്കുമ്പോൾ ജോലിസ്ഥിരതയും ആധാരങ്ങളുടെ സുരക്ഷയും ഉറപ്പാക്കുക, ആധാരമെഴുത്ത് മേഖലയിൽ വക്കീലൻമാരുടെ കടന്ന്കയറ്റം അവസാനിപ്പിക്കുക, ക്ഷേമനിധി കുറ്റമറ്റതും സുതാര്യവുമാക്കുക, ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനം വകുപ്പ് മന്ത്രിയിൽ നിക്ഷിപ്തമാക്കുക ക്ഷേമനിധി മുടങ്ങിയവർക്ക് ഒറ്റത്തവണ സ്‌കീം പ്രകാരം അംഗത്വം പുന:സ്ഥാപിക്കുക, ആധാരം എഴുത്ത് പരീക്ഷ നടത്തുക, ക്ഷേമനിധിയിൽ തൊഴിൽ ഉടമയുടെയും സർക്കാരിന്റെയും വിഹിതം ഉറപ്പാക്കുക, കുടുംബാംഗങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യുന്ന കെട്ടിടങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾ നികുതി ഒഴിവാക്കിയ വീടുകൾക്കും വാല്യുവേഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സംസ്ഥാന ട്രഷറർ എം.കെ.അനിൽകുമാർ, ജില്ലാ പ്രസിഡണ്ട് ഇ.രാജഗോപാലൻ, സെക്രട്ടറി കെ.സുനിൽകുമാർ, ട്രഷറർ യു.കെ.സുരേഷ് കുമാർ സംബന്ധിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *