കോഴിക്കോട്: വനിതകളുടെ നേതൃത്വത്തിലുള്ള മൊബൈൽ ഫോൺ സർവ്വീസസ് ആന്റ് റിപ്പയറിംഗ് സെന്ററുമായി മൈജി. വനിതകൾക്ക് നൽകിയ ഒരു വർഷത്തെ വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതെന്ന് രതീഷ് കുട്ടത്ത് ജനറൽ മാനേജർ സെയിൽസ് ആന്റ് സർവ്വീസസ്, മുഹമ്മദ് ഷാഫി എച്ച്ഒഡി മൈജി കെയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊണ്ടയാട് ജങ്ഷനിൽ മാർച്ച് 8ന് ലോക വനിതാ ദിനത്തിൽ കാലത്ത് 10 മണിക്ക് മേയർ ഡോ.ബീന ഫിലിപ്പ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സ്ത്രീകളുടെ തൊഴിൽ മേഖല വ്യാപിപ്പിക്കുന്നതിനോടൊപ്പം സ്ഥിര വരുമാനവും സേവനം സ്ത്രീ സൗഹാർദ്ദമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൈജിയുടെ 100ഓളം സർവ്വീസ് സെന്ററുകളിൽ ഭാവിയിൽ പരിശീലനം നേടിയ വനിതകളുടെ സേവനം ലഭ്യമാകും. കഴിഞ്ഞ വർഷം മാർച്ച് 8ന് മൈജിയിൽ പ്രവേശനം നേടിയ 13 വനിതകൾക്കാണ് ഗാഡ്ജറ്റ് റിപ്പയറിംഗ് ആന്റ് സർവ്വീസിംഗിൽ ഒരു വർഷക്കാലം പരിശീലനം നൽകിയത്. ഒരു വിദ്യാർത്ഥിക്ക് ഏകദേശം ഒരു ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ കേഴ്‌സ് സൗജന്യമായാണ് നൽകിയത്. മൈജിയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റായ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് കോഴ്‌സ് നടപ്പിലാക്കിയത്. രാജേഷ് നായർ, ആതിര.ടി, അഞ്ജലി എന്നിവരും സംബന്ധിച്ചു.