കോഴിക്കോട്: നീണ്ട സമര പോരാട്ടങ്ങളിലൂടെ പ്രവാസികൾ നേടിയെടുത്ത വർദ്ധിപ്പിച്ച പെൻഷൻ, പ്രഖ്യാപനത്തിൽ മാത്രമൊതുക്കാതെ അടിയന്തിരമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മുഹാജി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ 17 ലക്ഷത്തോളം പ്രവാസികളുടെ പുനരധിവാസത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് സമാശ്വാസ പെൻഷൻ നൽകുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. പ്രവാസികളുടെ ഡാറ്റാബാങ്ക് അടിയന്തിരമായി തയ്യാറാക്കുകയും, ക്ഷേമനിധിയിലടച്ച തുക കാലാവധിക്ക് ശേഷം മറ്റ് ക്ഷേമ നിധികളെപോലെ പ്രവാസികൾക്ക് തിരിച്ച് ലഭിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമര പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ലീഗ് ജില്ലാ കമ്മറ്റി കലക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധർണ്ണ ദളിത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമൻ എക്‌സ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ, കാരാളത്ത് പോക്കറാജി, ഹാഷിംകോയ തങ്ങൾ, ഷബീർ ചീക്കിലോട്, എം.എം.എസ്.അലവി, ബി.എച്ച്.കുഞ്ഞമ്മദ് ഹാജി, എ.കെ.യൂസഫ് ഹാജി, ശരീഫ് ബേപ്പൂർ, കുഞ്ഞമ്മദ് ഹാജി, മുഹമ്മദലി മാസ്റ്റർ, എം.പി.കോയട്ടി, അബൂബക്കർ പൂളപൊയിൽ, ടി.കെ.അബ്ദുള്ളക്കോയ, എൻ.സി.കെ.നവാബ്, കെ.ടി.കെ.റഷീദ്, റഷീദ് ചെറുവണ്ണൂർ, ഇ.എ.റഹ്മാൻ, കെ.കെ.കോയ, ടി.എം.സി.അബൂബക്കർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.പി.പോക്കർകുട്ടി സ്വാഗതവും, ജില്ലാ ഉപാധ്യക്ഷൻ മജീദ് ഹാജി വടകര നന്ദിയും പറഞ്ഞു.