കോഴിക്കോട്: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്ജ് വെൽഫെയർ ഫോറത്തിന്റയും സംയുക്താഭിമുഖ്യത്തിൽ 6ന് ഞായർ 4 മണിക്ക് എയർപോർട്ട് ജംഗ്ഷനിൽ നിൽപ്പ് സമരം സംഘടിപ്പിക്കുമെന്ന് കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ഫോറം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ 80% ഹജ്ജ് യാത്രക്കാർ മലബാറിൽ നിന്നുള്ളവരായിരിക്കെ 20% മാത്രം യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചി എയർപോർട്ടിനെ യാത്രാ കേന്ദ്രമാക്കി മാറ്റിയത് ഹജ്ജ് യാത്രക്കാരോടുളള വെല്ലുവിളിയാണ്. ഉത്തര മലബാറിലെ പ്രായമായ ആളുകൾ പത്ത് മണിക്കൂറിലധികം യാത്ര ചെയ്താണ് കൊച്ചിയിലെത്തുന്നത്.
കരിപ്പൂരിൽ 500ലധികം പേർക്ക് താമസിക്കാനുള്ള ഹജ്ജ് ഹൗസ്, 8 കോടി രൂപ ചിലവഴിച്ച് വനിതകൾക്ക് മാത്രമായി നിർമ്മിച്ച കേന്ദ്രം എന്നീ വിപുലമായ സൗകര്യങ്ങൾ നിലവിലുണ്ട്. കൊച്ചി എയർപോർട്ടിൽ സൗകര്യം പരിമിതമാണെന്നവർ പറഞ്ഞു. 2015ൽ റൺവേ കാർപ്പറ്റിംഗിന്റെ പേരിലാണ് എംബാർക്കേഷൻ സെന്റർ മാറ്റിയത്. തുടർന്ന് നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 2019ൽ വീണ്ടും പുന:സ്ഥാപിക്കപ്പെട്ടത്. കോവിഡിന്റെ പേരിൽ എംബാർക്കേഷൻ പോയന്റുകൾ ചുരുക്കുന്നതിന്റെ പേരിലാണ് കരിപ്പൂരിനെ അവഗണിക്കുന്നത്. എംബാർക്കേഷൻ പോയന്റ് മാറ്റിയത് ഹജ്ജ് തീർത്ഥാടകരോട് കാണിക്കുന്ന ക്രൂരതയും, മനുഷ്യാവകാശ ലംഘനവുമാണ്. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പി.ടി.ഇമ്പിച്ചിക്കോയ, പി.സി.ഹനീഫ പുളിക്കൽ, സി.എ.ആരിഫ് ഹാജി, മംഗലം സൻഫാരി, അസ്മുൽകരീം പറമ്പാടൻ എന്നിവർ പങ്കെടുത്തു.