കോഴിക്കോട്: പ്രധാനമന്ത്രിയായും ദീർഘകാലം ധനകാര്യ മന്ത്രിയുമായിരുന്ന മൊറാർജി ദേശായി മാതൃകാ നേതാവാണെന്ന് മുൻ മന്ത്രിയും ജനതാദൾ എസ് നേതാവുമായ സി.കെ.നാണു പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവുകയും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കും അദ്ദേഹം വഹിച്ചു. മൊറാർജി ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ജനാധിപത്യ ആശയത്തിലൂടെ മാത്രമേ രാജ്യത്തിന് ശോഭനമായ ഭാവിയുണ്ടാകൂ എന്നദ്ദേഹം കൂട്ടിച്ചേർത്തു. മൊറാർജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.കെ.നാണു. പി.ടി.ആസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോബ് കാട്ടൂർ, കെ.ലോഹ്യ, അസീസ് മണലൊടി, ആർ.ജയന്ത് കുമാർ, ഉമർ ഫാറൂഖ്, കെ.എൻ.അനിൽകുമാർ, എം.മുസ്സമ്മിൽ ആശംസകൾ നേർന്നു. സാമൂഹിക സാസംസ്‌കാരിക ഗാന്ധിയൻ പ്രവർത്തകരായ കെ.സി.ബാലൻ,ടി.പി.ബിച്ചു എന്നിവരെ ചടങ്ങിൽ സി.കെ.നാണു ആദരിച്ചു. കെ.പി.അബൂബക്കർ സ്വാഗതവും, അഡ്വ.എ.കെ.ജയകുമാർ നന്ദിയും പറഞ്ഞു.