കോഴിക്കോട്: ഡോക്ടർമാർക്ക് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കുന്നതിന് നാഷണൽ
എക്‌സാമിനേഷൻ ബോർഡിന്റെ അംഗീകാരം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് ലഭിച്ചതായി ചെയർമാൻ പി.ടി.അബ്ദുൽ ലത്തീഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓർത്തോപീഡിക്‌സ്, ജനറൽ മെഡിസിൻ, ഗ്യാസ്‌ട്രോ എന്റോളജി എന്നീ വിഭാഗങ്ങളിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ആശുപത്രിക്ക് ലഭിച്ച ഈ അംഗീകാരം ആശുപത്രിയുടെ പ്രവർത്തന മികവിന്റെ നേട്ടം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎൻബി കോഴ്‌സുകളുടെ ഉദ്ഘാടനം ഫെബ്രുവരി 28ന് തിങ്കൾ കാലത്ത് 10.30ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.രാജേന്ദ്രൻ.വി.ആർ നിർവ്വഹിക്കും. ഓർത്തോ വിഭാഗം തലവൻ ഡോ.സി.കെ.എൻ.പണിക്കർ, ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം തലവൻ ഡോ.വിനയ ചന്ദ്രൻ നായർ, ഐ.എം.എ കോഴിക്കോട് സെക്രട്ടറി ഡോ.ശങ്കർ മഹാദേവ്, അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ.അഗസ്തി, കെസിഇയു ജില്ലാ പ്രസിഡണ്ട് കെ.ബാബുരാജ് ആശംസകൾ അർപ്പിക്കും. ആശുപത്രി സിഇഒ എ.വി.സന്തോഷ് കുമാർ സ്വാഗതവും, ഡിഎൻബി കോഴ്‌സ് കോ-ഓഡിനേറ്റർ ഡോ.എൻ.മിഥുൻ മോഹൻ നന്ദിയും പറയും. മെഡിക്കൽ ഡയറക്ടർ ഡോ.അരുൺ ശിവശങ്കർ, മെഡിസിൻ വിഭാഗം മേധാവി ഡോ.സുധീർ. എം പങ്കെടുത്തു.