കോഴിക്കോട്: സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാര നിലനിൽക്കുന്നതായും, അത് വെളിച്ചത്ത് വന്നതാണ് കാസർകോട് കണ്ടതെന്നും കെ.മുരളീധരൻ പറഞ്ഞു. മുൻ മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന അഡ്വ.പി.ശങ്കരന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഡിസിസിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിൽ അഭിപ്രായ വ്യത്യാസം ശക്തമായ കാലത്താണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസ്സിന് മികച്ച വിജയം നേടാനായത് പി.ശങ്കരൻ നേതൃത്വം നൽകിയത് കൊണ്ടാണ്. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാൻ പ്രത്യേക പാടവമാണ് അദ്ദേഹം കാണിച്ചത്. പി.ശങ്കരൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ആര്യാടൻ മുഹമ്മദിന് അദ്ദേഹം സമ്മാനിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം.പി.അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി ജന.സെക്രട്ടറി കെ.കെ.എബ്രഹാം. കെ.സി.അബു സംസാരിച്ചു. സത്യൻ കടിയങ്ങാട് സ്വാഗതം പറഞ്ഞു. കാവിൽ പി.മാധവൻ പ്രശസ്തി പത്ര പാരായണം നടത്തി. സി.പി.സലീം നന്ദി പറഞ്ഞു.