തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘സ്ത്രീപക്ഷ നവകേരളം’ ബോധവൽക്കരണ പരിപാടി കേരളത്തിനു മാത്രമല്ല, ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ്. ഇന്നത്തെ കാലത്ത് കേരളത്തിലും ഇന്ത്യയിലും സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും നമ്മൾ നിത്യേന കാണുന്നു. മാതാപിതാക്കൾക്ക് അവരുടെ പെൺമക്കളെ വിവാഹം ചെയ്തയക്കുമ്പോൾ വലിയ പ്രതീക്ഷകളാണുള്ളത്. എന്നാൽ വിവാഹിതരായി പോകുന്ന പെൺമക്കളിൽ ചിലരെങ്കിലും തിരികെയെത്തുന്നത് പല രീതിയിലാണ്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ഈയൊരു വിപത്തിനെ നേരിടാൻ വരും തലമുറയെ എങ്കിലും പ്രാപ്തരാക്കുന്ന രീതിയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഇതു നടപ്പാക്കാൻ കഴിയണം. കുടുംബശ്രീക്കൊപ്പം യുവജനങ്ങളും മറ്റ് സന്നദ്ധ സംഘടനകളും കൂടി ചേർന്നു നടപ്പാക്കുന്ന ബോധവൽക്കണ പരിപാടി വളരെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അഞ്ജു പറഞ്ഞു.