കോഴിക്കോട്: പ്രഥമ തോടയം ലോക വനിതാ ദിനാ പുരസ്‌കാരം ഗീതവർമ്മയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യോഗത്തിന്റെ 2022-23 വാർഷിക ജനറൽ ബോഡി യോഗവും, ലോക വനിതാ ദിനാഘോഷവും മാർച്ച് 6ന് തളി പത്മശ്രീ കല്ല്യാണ മണ്ഡപത്തിൽ മേയർ ബീനാ ഫിലിപ്പ് ഉൽഘാടനവും പുരസ്‌കാര സമർപ്പണവും നിർവ്വഹിക്കും. പി.കെ.കൃഷ്ണനുണ്ണിരാജ അദ്ധ്യക്ഷത വഹിക്കും. വനിതകൾ അവതരിപ്പിക്കുന്ന മോഹിനിയാട്ടം അരങ്ങേറും. ഡോ.ധന്യ പ്രദീപ് കുമാർ, ഡോ.ഉമാ രാധേഷ്, ഡോ.നീലിമ, ഡോ.റോബി.കെ.പ്രസാദ് എന്നിവരാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. ഡോ.സുധാകൃഷ്ണനുണ്ണിയും, സുജ കൊറ്റിവട്ടവും അവതരിപ്പിക്കുന്ന ദക്ഷയാഗം, ഗീതവർമ്മ, പാർവ്വതി മേനോൻ അവതരിപ്പിക്കുന്ന സുഭദ്രാഹരണം എന്നിവയും അരങ്ങേറും. കഥകളിയുടെ ബാലപാഠങ്ങളെക്കുറിച്ച് തോടയം ആറുമാസമായി നടത്തിവരുന്ന മുദ്രാ പരിചയം ഓൺലൈൻ ആസ്വാദന പഠന കളരിയുടെ സമാപനം 27ന് ആഴ്ചവട്ടം വളയനാട് ഹിന്ദു സേവാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. തോടയം ജന.സെക്രട്ടറി ശ്രീജിത്ത് മേനോനും പങ്കെടുത്തു.