ആനി സ്വിറ്റിയെ നീക്കം ചെയ്തു

കോഴിക്കോട്: ജനതാ കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ആനി സ്വിറ്റിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നീക്കം ചെയ്തതായി സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏകപക്ഷീയമായി സംസ്ഥാന കമ്മറ്റി വിളിച്ച്‌ചേർത്ത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആനി സ്വിറ്റി പങ്കെടുത്ത യോഗത്തിൽ വെച്ചാണ് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തുവെച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. 31 അംഗ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ആനിസ്വിറ്റി വിളിച്ച യോഗത്തിൽ ആറ് പേരാണ് പങ്കെടുത്തത്. 26 സംസ്ഥാന കമ്മറ്റിയംഗങ്ങളും 14 ജില്ലാ കമ്മറ്റികളും, സംസ്ഥാന ഭാരവാഹികളിൽ 15ൽ 2 പേരും നേതൃത്വത്തിന്റെ കൂടെയാണ്. സംസ്ഥാന സമ്മേളനം മാർച്ച് 2,3 തിയതികളിൽ തിരുവനന്തപുരത്ത് അധ്യാപക ഭവനിൽ നടക്കും. 1,32,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 132 പ്രതിനിധികളും അത്രതന്നെ സൗഹാർദ്ദ പ്രതിനിധികളും പങ്കെടുക്കും. വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി, എം.വി.ശ്രേയംസ്‌കുമാർ എം.പി, കെ.പി.മോഹനൻ എം.എൽ.എ, ഡോ.വർഗ്ഗീസ് ജോർജ്ജ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
സംസ്ഥാന ജന.സെക്രട്ടറി മനയത്ത് ചന്ദ്രൻ, വർക്കിംഗ് പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി ഒ.പി.ശങ്കരൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *