കോഴിക്കോട്: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ക്ഷേത്ര വാദ്യ കലാകാരന്മാരെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ക്ഷേത്ര കലാ അക്കാദമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി മുതൽ ഏപ്രിൽവരയെുള്ള കാലത്താണ് കലാകാരന്മാർക്ക് ജോലിയും വരുമാനവും ലഭിക്കുന്നത്. സംസ്ഥാനത്ത് മറ്റെല്ലാ മേഖലകൾക്കും ഇളവ് ലഭിക്കുമ്പോൾ വാദ്യ പരിപാടികൾക്ക് അധികൃതർ വിലക്കേർപ്പെടുത്തുകയാണ്. ഉത്സവ കമ്മിറ്റി ഭാരവാഹികളെയും, കലാകാരന്മാരെയും പോലീസും, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും കേസ് പറഞ്ഞ് പിന്തിരിപ്പിക്കുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ച് 50 കലാകാരന്മാർക്ക് വാദ്യ കല അവതരിപ്പിക്കാൻ അനുമതി വേണമെന്നവർ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിലായ കലാകാരന്മാർക്ക് അയ്യായിരം രൂപ സർക്കാർ ധന സഹായം നൽകണം. അക്കാദമി രക്ഷാധികാരി ബാലുശ്ശേരി കൃഷ്ണദാസ് ഉണ്ണികൃഷ്ണൻ കടമേരി, പ്രജീഷ് കാർത്തികപ്പളളി, ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം പങ്കെടുത്തു.