കോഴിക്കോട്: സംസ്ഥാനത്തെ 80% ഹജ്ജ് അപേക്ഷകരും മലബാറിൽ നിന്നുള്ളവരായിരിക്കെ ഹജ്ജ് എംബാർക്കേഷൻ സെന്ററായി കൊച്ചിയെ മാത്രം തിരഞ്ഞെടുക്കുന്നത് ശരിയല്ലെന്നും, കോഴിക്കോട് എയർപോർട്ടിലും സെന്റർ അനുവദിക്കണമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹജ്ജ് അപേക്ഷകരിൽ ഭൂരിപക്ഷം പേരും എംബാർക്കേഷൻ സെന്ററായി കോഴിക്കോടിനെയാണ് തിരഞ്ഞെടുക്കുന്നത്. ഉത്തര മലബാറിൽ നിന്ന് പ്രായമായ ഹാജിമാർ 10 മണിക്കൂറിലധികം യാത്ര ചെയ്താണ് കൊച്ചിയിലെത്തുന്നത്. അവിടെ ഹാജിമാർക്ക് ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുമില്ല. കോഴിക്കോട് വിമാനതാവളത്തിന് സമീപത്തായി വിശാലമായ ഹജ്ജ് ഹൗസും സംസ്ഥാന ഹജ്ജ് കമ്മറ്റി ആസ്ഥാനവും പുതുതായി വനിതകൾക്കായി 8.2 കോടി രൂപ ചിലവിൽ വനിതാ ബ്ലോക്കും പൂർത്തിയായികൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരും, കേന്ദ്ര ഹജ്ജ് കമ്മറ്റിയും കോഴിക്കോട് എംബാർക്കേഷൻ പോയന്റ് അനുവദിക്കണം. പി.ടി.എ.റഹീം എം.എൽ.എയും പങ്കെടുത്തു.