കോഴിക്കോട്: മനുഷ്യർക്ക് സമാധാനപരമായ ജീവിതമൊരുക്കാൻ മദ്യം നിരോധിക്കണമെന്ന് സംസ്ഥാന മദ്യനിരോധസമിതി രക്ഷാധികാരി ഡോ.ഹുസൈൻ മടവൂർ സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന മദ്യ നിരോധന സമിതി പ്രഖ്യാപിച്ച മദ്യവിമോചന സമരത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി ദിനത്തിൽ സംഘടിപ്പിച്ച ഉപവാസ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ലഭ്യത ഇല്ലാതാക്കാതെ അവ സമൂഹത്തിൽ നിന്ന് മാറിക്കിട്ടുകയില്ല. യുവാക്കൾ ലഹരിക്കടിമപ്പെട്ടുകൊണ്ടിരിക്കുന്നു.
ജനങ്ങൾ മഹാഭൂരിപക്ഷവും മദ്യത്തിന്നെതിരായിരുന്നിട്ടും ജനാധിപത്യ സർക്കാർ ജനാഭിലാഷത്തിന്നെതിരിൽ നിന്ന് മദ്യം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മദ്യ നിരോധന സമിതി നേതാക്കളായ പ്രൊഫ. ടി.എം.രവീന്ദ്രൻ, പ്രൊഫ. ഒ.ജെ ചിന്നമ്മ, റിട്ട.എസ്. ഐ. ചന്ദ്രൻ, പൊയിൽ കൃഷ്ണൻ, സുമ ചേലാട്ട്, പവിത്രൻ, ഗോപകുമാർ, ജയരാജൻ ചേർക്കാട്ടര, അബു അന്നശ്ശേരി, എ.അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഉപവാസ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നേരത്തെ കെ.കെ.രമ എം.എൽ. എ ഓൺലൈൻ ആയി നിർവ്വഹിച്ചു.