ഐ എസ് എം സംസ്ഥാന ക്യാമ്പയിന് കോഴിക്കോട്ട് തുടക്കം

കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീന്റെ യുവജനവിഭാഗമായ ഐഎസ്എംന്റെ സംസ്ഥാന ക്യാമ്പയിന് ഫെബ്രുവരി 5ന് കോഴിക്കോട്ട് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ മെയ് അവസാനം സംസ്ഥാന സമ്മേളനത്തോടെ സമാപിക്കും. ഇസ്ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം എന്നതാണ് പ്രമേയം. ശാഖാ തലങ്ങളിൽ ഫെബ്രുവരി 6 മുതൽ മഹല്ല് സംഗമം, മാർച്ച് 1 മുതൽ അയൽകൂട്ടം, കുടുംബ സദസുകൾ സംഘടിപ്പിക്കും. ഏപ്രിൽ മാസത്തിൽ വിദ്യാർത്ഥി-യുവജനങ്ങൾക്കായി ടേബിൾ ടോക്ക് സംഘടിപ്പിക്കും. മാർച്ച് അവസാനവാരം ദേശീയ മതേതര സമ്മേളനം സംഘടിപ്പിക്കും. പ്രമേയ പ്രഭാഷണം, സന്ദേശ രേഖ വിതരണം, കേരള ഇസ്ലാമിക് സെമിനാർ, ജില്ലാ തലത്തിൽ വാഹന പ്രചാരണ യാത്ര, നേതൃത്വ പരിശീലന ക്യാമ്പ്, ജില്ലാ സമ്മേളനങ്ങളും ഇതോടനുബന്ധിച്ച് നടക്കും.
ക്യാമ്പയിന്റെ ഉൽഘാടനം 5ന് ശനി വൈകിട്ട് 4.30ന് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുളളകോയ മദനി നിർവ്വഹിക്കും. ജനറൽ സെക്രട്ടറി മുഹമ്മദ് മദനി, വൈസ് പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ, അബ്ദുറസാക്ക് കൊടുവള്ളി, ശരീഫ് മേലേതിൽ, അഹമ്മദ് അനസ് മൗലവി പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് നിസാർ ഒളവണ്ണ, സെക്രട്ടറിമാരായ കെഎംഎ അസീസ്, റഹ്മത്തുള്ള സ്വലാഹി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *