ഖാദിയുടെ പ്രചാരത്തിൽ സഹകരണ മേഖല കരുത്ത് പകരണം – പി.ജയരാജൻ

‘സഹകരണ മേഖലയിലെ ഖാദിപ്പെരുമ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഖാദി വസ്ത്രം ധരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. ഖാദി ദേശീയ വികാരമാണ്. ദേശ സ്‌നേഹമുള്ളവർ ഖാദി വസ്ത്രം ധരിക്കണം. ഖാദി മേഖലയെ കോവിഡ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ കൂലി കിട്ടുന്ന തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്, ഗാന്ധിജി വിശേഷിപ്പിച്ച ദരിദ്ര നാരായണൻമാർ. തൊഴിലാളികൾക്ക് മിനിമം കൂലി ഇപ്പോൾ നൽകുന്നത് കേരള സർക്കാരിന്റെ ഇൻകം സപ്പോർട്ട് സ്‌കീമിന്റെ ഭാഗം കൂടിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് മിനിമം കൂലി പോലും ലഭിക്കുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്റെ നൂറ് വർഷം പിന്നിടുന്ന ഘട്ടത്തിൽ ഖാദിയുടെ പ്രചാരത്തിന് സർക്കാർ വലിയ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ വർഗ്ഗ-സാമൂഹിക ബോധമുള്ള ജനങ്ങൾ ഖാദിക്ക് വലിയ പിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്. ജനുവരി 11ന് സംസ്ഥാന സർക്കാർ എല്ലാ ജീവനക്കാരും ആഴ്ചയിൽ ഒരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ ഭരണ സമിതിയംഗങ്ങളും, ജീവനക്കാരും മാധ്യമ രംഗത്തുള്ളവരും ഇതുമായി സഹകരിക്കണമെന്നദ്ദേഹം അഭ്യർത്ഥിച്ചു. പരിസ്ഥിതി സൗഹൃദമാണ് ഖാദി വസ്ത്രങ്ങൾ. പൂർണ്ണമായും മനുഷ്യ നിർമ്മിതമാണ്. യന്ത്രങ്ങൾ ഉപയോഗിച്ചല്ല നിർമ്മിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റിബേറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യ വൽക്കരണം നടപ്പിലാക്കാൻ ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പദ്ധതികളാവിഷ്‌ക്കരിക്കും. ഉപഭോക്താക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് കർമ്മ പദ്ധതികൾ നടപ്പിലാക്കും. ഖാദി മേഖലയെ സംരക്ഷിക്കുന്നതിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഗുണകരമാകും.ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സംഘടിപ്പിച്ച ‘സഹകരണ മേഖലയിലെ ഖാദി പ്പെരുമ’ ഖാദി വസ്ത്ര പ്രചാരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദി ബോർഡ് അംഗം കെ.ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ മാർക്കറ്റിംഗ് പി.സുരേഷൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രൊജക്ട് ഓഫീസർ ഷിബി.കെ. അസിസ്റ്റന്റ് രജിസ്ട്രാർ കെ.ജിഷ സംസാരിച്ചു. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *