വടകര: വിരമിക്കുന്ന ദിവസം തന്നെ പ്രോവിഡണ്ട് ഫണ്ട് പെൻഷൻ നൽകുന്ന പ്രയാസ് പദ്ധതിക്ക് തുടക്കമായി. ഇപിഎഫ്ഒ കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ പി.മുരളീധരൻ പദ്ധതി ഉൽഘാടനം ചെയ്തു. ഈ മാസം 58 തികഞ്ഞ കെ.പി.പരമേശ്വരൻ എന്ന തൊഴിലാളിക്ക് ആദ്യ പെൻഷൻ പേമെന്റ് ഓർഡർ നൽകിയാണ് ഉൽഘാടനം നിർവ്വഹിച്ചത്. തൊഴിലാളികൾക്ക് 58 വയസ്സായി മാസങ്ങൾ കഴിഞ്ഞതിന് ശേഷം പെൻഷൻ കിട്ടുന്ന അവസ്ഥ മാറി. ജോലിയിൽ നിന്ന് പിരിയുന്ന ദിവസം മുതൽ പെൻഷൻ കിട്ടുന്ന പദ്ധതിയാണ് പ്രയാസ്. ഊരാളുങ്കൽ സൊസൈറ്റിയിൽ 58 വയസ് കഴിഞ്ഞാലും ജോലിയിൽ തുടരാമെന്നിരിക്കെ പെൻഷനും വരുമാനവും കൂടി ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് സൊസൈറ്റി പ്രസിഡണ്ട് രമേശൻ പാലേരി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളാണ് മേഖലാ ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഇ-നോമിനേഷൻ, കെ വൈ സി എന്നിവയെപ്പറ്റി ഇപിഎഫ് ഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എൻ.സത്യൻ പ്രഭാഷണം നടത്തി. സൊസൈറ്റി മാനേജിംഗ് ഡയറക്ടർ എസ്.ഷാജു, ഫിനാൻസ് ജനറൽ മാനേജർ പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.