കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടിയന്തിരമായി തുറക്കണം

കോഴിക്കോട്: 2009 ഫെബ്രുവരി 1ന് തൊഴിലാളികളുടേതല്ലാത്ത കാരണത്താൽ അടച്ചുപൂട്ടിയ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടിയന്തിരമായി തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2012 ജൂലായ് 25ന് നിയമസഭ കോമൺവെൽത്ത് ഹാന്റ്‌ലൂം ഏറ്റെടുത്തതായി നിയമം പാസാക്കുകയും 2018ൽ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയിട്ടും മാറി മാറി വന്ന സർക്കാരുകളുടെ നിഷ്‌ക്രിയത്വം കാരണം തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടുത്ത പ്രയാസത്തിലാണെന്നവർ പറഞ്ഞു. കഴിഞ്ഞ 13 വർഷത്തിനിടയിൽ 23 പേർ പിരിയുകയും, 5 തൊഴിലാളികൾ മരണപ്പെടുകയും ചെയ്തു. ഇപ്പോൾ 71 തൊഴിലാളികൾ സ്ഥാപനത്തിലുണ്ട്. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ കോമൺവെൽത്ത് അടച്ചുപൂട്ടിയത് നിയമവിരുദ്ധമാണെന്നും, അടച്ചുപൂട്ടിയ കാലത്തെ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകണമെന്ന് 2017 മാർച്ച് 31ന് ഉത്തരവിട്ടിരുന്നെങ്കിലും അതും നടപ്പിലായിട്ടില്ല. കോമൺവെൽത്തിന്റെ ഭൂമിയിൽ ഒരേക്ര അറുപത്തിരണ്ട് സെന്റ് സ്ഥലം അന്യാധീനപ്പെട്ടിട്ടുണ്ട്. ഇതടക്കം ഏറ്റെടുക്കണമെന്നാണ് രാഷ്ട്രപതി ഒപ്പിട്ട ബില്ലിൽ പറയുന്നത്. എന്നാൽ മാഫിയയുടെ ഇടപെടൽ മൂലം നടപടികൾ വൈകുകയാണെന്നവർ കുറ്റപ്പെടുത്തി. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് കോമൺവെൽത്തിന് മൂന്നേക്കർ പത്ത് സെന്റ് ഭൂമിയാണുള്ളത്. ഈ സ്ഥാപനം സംരക്ഷിക്കാൻ നീണ്ട 13 വർഷങ്ങളായി തൊഴിലാളികൾ ഒന്നിച്ച് പോരാട്ടത്തിലാണ്. നിയമസഭ പാസാക്കിയ ബില്ലിൽ നിർദ്ദേശിച്ച ഭൂമിയും, ഫാക്ടറിയും, സർക്കാർ ഉടൻ ഏറ്റെടുക്കുക, പേമെന്റ് കമ്മീഷണറെ അടിയന്തിരമായി നിയമിക്കുക, നശിച്ചുകൊണ്ടിരിക്കുന്ന പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുക, വേതന കുടിശ്ശിക നൽകുക, തൊഴിലാളികളുടെ ജോലി പുനസ്ഥാപിക്കുക, ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ധന സഹായം വർദ്ധിപ്പിക്കുക, ഇഎസ്‌ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കാലാവധി കഴിഞ്ഞ് പിരിഞ്ഞ തൊഴിലാളികളുടെയും, മരണപ്പെട്ട തൊഴിലാളികളുടെയും ആനുകൂല്യങ്ങൾ നൽകുകയും അവരുടെ ആശ്രിതർക്ക് തൊഴിൽ നൽകുകയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യ മന്ത്രിക്കും, വ്യവസായ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ സമരമാരംഭിക്കുമെന്നവർ ചൂണ്ടിക്കാട്ടി. ഇ.ഡി.സതീശൻ കൺവീനർ, ചെയർമാൻ പി.ശശിധരൻ, ബിഎംഎസ് ജില്ലാ പ്രസിഡണ്ട്, ജോ.കൺവീനർ പി.ശിവപ്രകാശ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *