കോഴിക്കോട്: ആലുവപുഴ നീന്തിക്കടന്ന ആസിം വെളിമണ്ണയെ നാഷണൽ ചൈൽഡ് ഡവലപ്‌മെന്റ് കൗൺസിൽ ആദരിച്ചു. 90% അംഗ വൈകല്യമുണ്ടായിട്ടും വെല്ലുവിളികൾ ഏറ്റെടുക്കുന്ന ആസിം പ്രചോദനമാണെന്ന് എൻഡിസി പ്രോഗ്രാം കോർഡിനേറ്റർ ഡോ.ശ്രുതി ഗണേഷ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് ഓമശ്ശേരി വെളിമണ്ണ സ്വദേശിയായ ആസിം പെരിയാറിലെ അദ്വൈതാശ്രമം കടവ് മുതൽ തുരുത്ത് ശിവരാത്രി മണപ്പുറം വരെയുള്ള ഒരു കിലോമീറ്റർ ദൂരം വെറും 61 മിനിറ്റ് കൊണ്ട് നീന്തി ചരിത്രം സൃഷ്ട്ടിച്ചത്. പരിമിതികളിൽ തളരാതെ പുതിയ നേട്ടങ്ങൾ എത്തിപ്പിടിക്കുന്ന ആസിം, നെതർലാന്റ് ആസ്ഥാനമായ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ 2021 ലെ ചിൽഡ്രെൻസ് പീസ് പ്രൈസിന്റെ അവസാന റൗണ്ടിൽ എത്തിയ മൂന്ന് പേരിൽ ഒരാളാണ്. സാഹസിക നീന്തൽ പരിശീലകൻ സജി വാളശ്ശേരിയാണ് നീന്തൽ അറിയാത്ത ആസിമിനെ വെറും രണ്ടാഴ്ച കൊണ്ട് പരിശീലിപ്പിച്ച് ഈ ഉദ്യമത്തിന് തയ്യാറാക്കിയത്. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ വച്ച് എൻഡിസി പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് ആസിമിന് 25000 രൂപയുടെ പാരിതോഷികം കൈമാറി. ആസിമിന്റെ പിതാവ് മുഹമ്മദ് ഷഹീദിനേയും ചടങ്ങിൽ ആദരിച്ചു. എൻഡിസി കേരള റീജിയൻ അഡ്മിൻ റിസ്വാൻ എം, ന്യൂസ് കോർഡിനേറ്റർ റിൻസി മഠത്തിൽ എന്നിവരും പങ്കെടുത്തു.