കോഴിക്കോട്:ജില്ലയിലെ സ്‌കൂളുകൾ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം കുറിച്ചു. സയൻസ്, ടെക്നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവർത്തന മേഖലയാണ് ടിങ്കറിംഗ് ലാബ്.
ക്ലാസിൽ പഠിക്കുന്ന ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുന്ന ടിങ്കറിംഗ് ലാബുകൾ തുടങ്ങാനായി ഒരു സ്‌കൂളിന് 10 ലക്ഷം രൂപയാണ് എസ്.എസ്.കെ അനുവദിക്കുന്നത്. ആർ.ഇ.സി എച്ച്.എസ്.എസ് ചാത്തമംഗലം, എൻ.എൻ കക്കാട് സ്മാരക എച്ച്.എസ്.എസ് അവിടനല്ലൂർ, ഗവ. സംസ്‌കൃതം എച്ച്.എസ്.എസ് മേപ്പയിൽ വടകര സ്‌കൂളുകളിൽ ഈ അധ്യയന വർഷം തന്നെ ടിങ്കറിംഗ് ലാബുകൾ ആരംഭിക്കുമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കിം അറിയിച്ചു.
ഏഴ് മുതൽ 12 വരെ ക്ലാസ്സുകളിലെ ശാസ്ത്രാഭിരുചിയുളള കുട്ടികൾക്ക് വേണ്ടിയാണ് ലാബ് ഒരുക്കുന്നത്. നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്), റോബോട്ടിക്സ് മുതലായ പഠന മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ ലാബിലുണ്ടാകും. ഇതിനു പുറമെ ത്രി-ഡി പ്രിന്റർ, സെൻസർ ടെക്നോളജി കിറ്റുകൾ, മിനിയേച്ചർ ഇലക്ട്രോണിക്സ് മുതലായവയുമുണ്ടാകും. കുട്ടികളെ നൂതനാശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് ലാബിന്റെ പ്രധാന ലക്ഷ്യം.