നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുകൾ തിരിച്ചുപിടിക്കും: മന്ത്രി അഹ്മദ് ദേവർ കോവിൽ

കോഴിക്കോട്: കേരളത്തിലെ അന്യാധീനപ്പെട്ട മുഴുവൻ വഖ്ഫ് സ്വത്തുകളും ഈ സർക്കാരിന്റെ കാലത്തു തന്നെ തിരിച്ചുപിടിക്കുമെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ. ഇതിന് പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു. രിസാല വാരികയുടെ വഖ്ഫ് പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസപ്രധാനമാണ് വഖഫ് സ്വത്തുകൾ. ഇവ ക്രമവിരുദ്ധമായി പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം പണിയുകയും മറിച്ചുവിൽക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം കണ്ടെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായ നടപടിയെന്ന് പറഞ്ഞു വിലകുറച്ചു കാണിക്കാൻ ശ്രമം നടത്തുന്നുണ്ട്. പ്രതിബന്ധമെന്ത് തന്നെയുണ്ടായാലും സർക്കാർ മുന്നോട്ടു പോകും. ഡിജിറ്റലൈസേഷൻ നടപടികൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയും കൈവശം വെച്ചുകൊണ്ടിരിക്കുന്ന വഖ്ഫ് സ്വത്തുകൾ നഷ്ടപ്പെടുമെന്ന ഭയത്താലുമാണ് ചിലർ സമരവുമായി രംഗത്തിറിങ്ങിയിരിക്കുന്നത്. എന്നാൽ ഇതിനെ രാഷ്ട്രീയ വിഷയമായി ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കാലികപ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് രിസാല നടത്തിയത്. ഇത് അഭിന്ദനാർഹമാണ്. നഷ്ടമായ വഖ്ഫ് സ്വത്തുകൾ എവിടെയെല്ലാം അന്യാധീനപ്പെട്ടു കിടക്കുന്നുവെന്ന് കണ്ടെത്തി പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടു വരാനും സർക്കാറിന്റെ ശ്രമങ്ങളോടൊപ്പം നിൽക്കാനും മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിക്ക് നൽകി രിസാല വഖ്ഫ് പതിപ്പിന്റെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.
വഖ്ഫ് മന്ത്രി വി അബ്ദുർറഹ്മാൻ, വഖഫ് ബോർഡ് സി ഇ ഒ ബി.എം ജമാൽ, റിട്ട. ജഡ്ജ് എം.എ നിസാർ എന്നിവരുടെ അഭിമുഖമുൾപ്പെടെ നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുകളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് രിസാല നടത്തിയിട്ടുള്ളത്. ചടങ്ങിൽ രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കാസിം ഇരിക്കൂർ, എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅ്ഫർ, ഹാമിദലി സഖാഫി പാലാഴി, സലീം അണ്ടോണ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *