കോഴിക്കോട്: ജില്ലാ ടിബി കേന്ദ്രം അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കോഴിക്കോട് ജില്ലയിൽ ക്ഷയരോഗ പ്രവർത്തനങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ നേതൃത്വം നൽകി വരുന്ന സ്ഥാപനമാണ് ജില്ലാ ടിബി കേന്ദ്രമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു നിന്നും 2025 ഓടു കൂടി ക്ഷയരോഗം നിർമാർജനം ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി അക്ഷയകേരളം പദ്ധതിയിലൂടെ നല്ല ഇടപെടലുകളാണ് നടക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിൽ കേരളം നിശ്ചിത ലക്ഷ്യങ്ങൾ മുൻനിർത്തി ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ക്ഷയരോഗം ഉൾപ്പെടെയുള്ള രോഗങ്ങളെ നിർമാർജനം ചെയ്യുക, ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൃത്യമായി വിശകലനം ചെയ്ത് ചിട്ടയായ ജീവിതക്രമത്തിലൂടെ ജീവിത ശൈലീ രോഗമുള്ളവരുടെ എണ്ണം കുറക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രമേഹരോഗികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ ഇവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് പശ്ചാത്തലത്തിലും ഇത്തരം ബോധവൽകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട അനുബന്ധ കെട്ടിടം സിബി നാറ്റ് ഉൾപ്പെടെ ഉള്ള പരിശോധന സംവിധാനങ്ങൾ ഒരുക്കുന്നതിനും മെഡിക്കൽ വിദ്യാർത്ഥികൾക്കും പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രവർത്തകർക്കും എൻ.ടി.ഇ.പി പരിശീലന പരിപാടികൾ നൽകുന്നതിനും മുതൽക്കൂട്ടാവുമെന്നും ക്ഷയ രോഗമുക്ത കേരളത്തിനായുള്ള ജില്ലയിലെ അക്ഷയ കേരളം പദ്ധതിയുമായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.