കുടുംബ വിശേഷങ്ങൾ – പ്രിയദർശൻലാൽ

സംസ്‌കൃത ഭാഷയിൽ കുടീ എന്നൊരു പദമുണ്ട്. ആവാസ യോഗ്യമായ സ്ഥലം എന്നാണ് ലളിതമായ അർത്ഥം. കുടീ എന്ന വാക്ക് അത്ര പ്രചാരമുള്ളതല്ലിപ്പോൾ. ചെറിയ ആവാസ സ്ഥാനത്തിന് കുടീരം എന്ന വാക്ക് ഉപയോഗത്തിലുണ്ട്താനും. കുടിയുമായി ബന്ധപ്പെട്ടാണ് കുടുംബം രൂപപ്പെടുന്നത്. ആളുകൾ ഒത്തൊരുമിച്ചു കഴിയുന്ന സ്ഥലമേതും കുടുംബമാണ്. എല്ലാവരും നല്ലവരാണെങ്കിൽ നല്ല കുടുംബമാകും. ആരെങ്കിലും ഒരാൾ പിഴച്ചാൽ കുടുംബ കലഹം ഉറപ്പ്. സംസ്‌കൃത ഭാഷക്ക് അസാധാരണമായ ആശയ പ്രകാശന സാദ്ധ്യതയുണ്ട്. അതനുസരിച്ച് നല്ല മനസ്സുള്ളവർ നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഒരുമിച്ചു കൂടുന്ന വേദി എന്ന് കുടുംബ പദത്തെ വ്യാഖ്യാനിക്കാം. ‘വസുധൈവ കുടുംബകം’ എന്ന ചൊല്ല് ഈ ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. മലയാളത്തിൽ സമാനമായ അർത്ഥത്തിൽ തറവാട് എന്ന വാക്കാണുപയോഗിക്കുന്നത്.തറവാട്ടമ്മ, തറവാട്ടു കാരണവർ, തറവാടിത്തം എന്നൊക്കെ നിത്യ ജീവിതത്തിൽ ധാരാളമായി ഉപയോഗിക്കേണ്ടിവരും. ലോകം ആകെ ഒരു കുടുംബമാണെന്ന ചിന്ത വിശ്വവിശാലമാണ്. അതിനടിസ്ഥാനമായ മനോഭാവം
‘ആഢ്യൻ മുതൽക്കന്ത്യ ജനോളമാർക്കും പെറ്റമ്മ ഭൂദേവി പിതാവു ദൈവം’
എന്ന് ഉള്ളൂർ പാടിയതാണ്. സാധാരണക്കാർക്ക് ഇത് വളയമില്ലാച്ചാട്ടമാണെന്നു തോന്നുന്നു. അതുകൊണ്ട് കുടുംബത്തിന്റെ സങ്കുചിതമായ അർത്ഥത്തിലേക്കു വരാം. സങ്കുചിതം എന്നതുകൊണ്ട് മോശം എന്നു ധരിച്ചു പോകരുത്. വ്യാപ്തി ചുരുക്കുന്നുവെന്നേ ധരിക്കേണ്ടതുള്ളൂ.
കുടുംബത്തെ നിർണ്ണയിക്കാൻ രണ്ടുമാർഗ്ഗങ്ങളാണ് ലോകമെങ്ങുമുള്ളത്. ഒന്ന് അമ്മ വഴിയുള്ള മരുമക്കത്തായം. രണ്ട് അച്ഛൻ വഴിയുള്ള മക്കത്തായം. ഒരു സ്ത്രീ പ്രസവിക്കുന്ന ആൺ പെൺ പ്രജകളും അവരിർ പെൺകുട്ടികൾ പ്രസവിക്കുന്ന പല തലമുറകളും ചേർന്നതാണ് മരുമക്കത്തായം. ഇത് പൂർണ്ണമായും രക്തബന്ധത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. മരുമക്കത്തായ തറവാട്ടിലെ സ്ത്രീയുടെ ഭർത്താവിന് അവളുടെ സ്വത്തിലോ ജാതിയിൽ പോലും അവകാശമില്ല. അയാൾക്ക് അവളെയും മക്കളെയും സംരക്ഷിക്കേണ്ട ബാദ്ധ്യതയുമില്ല. എന്നു കരുതി കൈയും വീശി നടക്കാമെന്നു കരുതണ്ട. അയാൾ മരുമക്കത്തായക്കാരനാണെങ്കിൽ സ്വന്തം അമ്മ, സഹോദരി സഹോദരങ്ങൾ, അവരിൽ സഹോദരിമാർക്കുണ്ടാകുന്ന മക്കൾ എന്നിങ്ങനെയുള്ള സ്വന്തം കുടുംബത്തെ പരപാലിക്കുകതന്നെവേണം. ഇതിൽ ഗുണം സ്ത്രീക്കാണ്. ഭർത്താവിൽ നിന്നു സംരക്ഷണമില്ലെങ്കിലും അമ്മാവൻമാരും സഹോദരന്മാരും മക്കളും അവരെ സംരക്ഷിച്ചുകൊള്ളണം. ജനിച്ചാൽ മരിക്കുംവരെ ആണിനും പെണ്ണിനും ഒരേ തറവാടു തന്നെ.
മക്കത്തായത്തിൽ നിയമപരമായ ബന്ധം ശക്തമാണ്. ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന നിമിഷം മുതൽ അവളുടെ തറവാട് ഭർത്താവിന്റെ തറവാടായി മാറും. അതിന് രക്ത ബന്ധം ആവശ്യമില്ല. താൻ ജനിച്ചു വളർന്ന കുടുംബത്തിൽ സഹോദരന്മാരും അവരുടെ ഭാര്യമാരും മക്കളും മാത്രം അധികാരികളാകുകയും ചെയ്യും. മക്കത്തായത്തിൽ ഒരു സ്ത്രീ വിവാഹ മോചനം നേടിയാൽ അവൾ ആ കുടുംബത്തിലെ ആരുമല്ലാതാകും. അവൾക്ക് മുൻ ഭർത്താവിൽ മക്കളുണ്ടെങ്കിൽ അവർ അവരുടെ അച്ഛന്റെ തറവാട്ടുകാരായി തുടരുകയും ചെയ്യും. വിവാഹമോചിതയായിക്കഴിഞ്ഞാൽ അച്ഛനമ്മമാരുടെ തറവാട്ടിൽ തിരിച്ച് അംഗത്വം കിട്ടുകയുമില്ല സംരക്ഷണം കിട്ടിയാൽ പോലും. പുനർ വിവാഹം കഴിച്ചാൽ ആ ഭർത്താവിന്റെ കുടുംബത്തിൽ ചേരുകയും ചെയ്യും. മിശ്രവിവഹാം ഏതു ദായക്രമത്തിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. പ്രത്യേകിച്ചും മക്കത്തായകാരിയെ മരുമക്കത്തായക്കാരനായ പുരുഷൻ വിവാഹം കഴിക്കുമ്പോൾ. നമുക്ക് നല്ലതു മാത്രം ചിന്തിക്കാം. ഏതു ദായക്രമമായാലും ആളുകൾ നന്നായി നല്ല കുടുംബ ബന്ധങ്ങൾ പുലർത്തട്ടെ.
കുടുംബ ബന്ധമുറപ്പിക്കാനുള്ള സൂത്രപ്പണികൾ സമൂഹം സൃഷ്ടിച്ചിട്ടുണ്ട്. അവയാണ് ആചാരങ്ങളും നാട്ടു മര്യാദകളും. വിവാഹം, ജനനം, മരണം ഇവയാണ് കുടുംബാംഗങ്ങൾ നിർബന്ധമായും ഒത്തു കൂടേണ്ട സന്ദർഭങ്ങൾ. വിവാഹത്തിന് ക്ഷണം കിട്ടിയാൽ മാത്രം പോയാൽ മതി. മരണം അറിഞ്ഞു ചെല്ലണം. ഇതാണ് പഴയ ചൊല്ല്. അതുകൊണ്ട് ഒരു ക്ഷണം പോലും വിട്ടു പോകാതിരിക്കാൻ അതീവ ശ്രദ്ധ വേണം. കുടുംബ പരദേവതയുടെ പ്രതിഷ്ഠാദിനം, ഉത്സവം തുടങ്ങിയ വേളകൾ എല്ലാവർക്കും ഒത്തു കൂടാനും ആഹ്ലാദിക്കാനുമുള്ള അവസരമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിൽ ഇതൊക്കെയങ്ങു നടന്നുപൊകുമായിരുന്നു. ഓരോന്നും ചെയ്യാൻ ഓരോ ഉപവിഭാഗമുണ്ടായിരിക്കും. അണുകുടുംബങ്ങളിൽ എല്ലാം ചെയ്യാൻ ഒരാളോ
അയാളുടെ ജീവിതപങ്കാളിയോ മാത്രമേ ഉണ്ടാവുകയുള്ളൂ. ഏറിയാൽ മുതിർന്ന മക്കളും കൂടും. ഒരു കുടുംബത്തിലെ അംഗങ്ങൾ വിദേശങ്ങളിൽവരെ ജീവിക്കുന്നതും ധാരാളമായിക്കഴിഞ്ഞിരിക്കുന്നു. ദീർഘകാലം അകന്നു കഴിയുന്നവർക്ക് സ്വന്തം കുടുംബത്തെകുറിച്ചുപോലും വ്യക്തമായ ധാരണയുണ്ടാകണമെന്നില്ല. ശരീരത്തിനും മനസ്സിനും ശക്തിയും കഴിവുമുളള കാലത്തോളം അണമുകുടുംബമെന്ന ഒറ്റപ്പെട്ട ജീവിതം സുഖമാണ്. സ്വാതന്ത്ര്യവുമുണ്ട്. അവ നഷ്ടപ്പെടുമ്പോഴാണ് നിസ്സഹായതയും അനാഥത്വവും അനുഭവപ്പെടുന്നത്. വർത്തമാന കാലത്ത് ഏതു ദായക്രമത്തിൽപ്പെട്ടവർക്കും ഇങ്ങനെയൊരു ദുരിതമുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. റസിഡൻസ് അസോസിയേഷൻ പോലുള്ള പുതുസമൂഹങ്ങൾ ഉണ്ടായി വരുന്നതിന്റെ മന:ശാസ്ത്രമിതാണ്. സമൂഹ ജീവിയായി മാത്രമേ ജീവിക്കാൻ കഴിയൂ.
കുടുംബ യോഗങ്ങൾ രൂപീകരിക്കുക, സാമ്പത്തികമോ ഔദ്യോഗികമോ ആയ വലുപ്പചെറുപ്പങ്ങളില്ലാതെ (പ്രായത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയിള്ള മുൻഗണനയാവാം) എല്ലാവർക്കും തുല്യസ്ഥാനം നൽകുക, തറവാടിനെ ബന്ധിപ്പിക്കുന്ന സാമൂഹിക സാംസ്‌കാരിക സന്ദർഭങ്ങളിലൂടെ പരമാവധി വ്യക്തികളെ ഒരുമിപ്പിക്കുക ഇതൊക്കെയാണ് ഇക്കാലത്താവശ്യം. സാങ്കേതികമായി കുടുംബമല്ലെങ്കിലും അവിടെ വന്നുകയറിയവരെയും അവിടെ നിന്നു പോയവരെയും സ്‌നേഹബന്ധം വഴി പങ്കെടുപ്പിക്കുകയും വേണം. ആദ്യം പറഞ്ഞതു മരുമക്കത്തായത്തിനും രണ്ടാമത്തേതു മക്കത്തായത്തിനുമാണെന്നു വ്യക്തം. മക്കത്തായത്തിൽപ്പെട്ട പെൺകുട്ടികൾ തറവാടിനു പുറത്ത് മറ്റൊരു തറവാട്ടിൽപെട്ടു കഴിഞ്ഞാലും തങ്ങളുടെ രക്തബന്ധത്തെ നിഷേധിക്കരുത്. അവർക്ക് ഭർത്തൃ കുടുംബത്തിന്റെ പരദേവതമാരോടുള്ള പുത്തൻ ബന്ധം കാരണം ജനിച്ച കുടുംബത്തിന്റെ പരദേവതകൾ അന്യരാവില്ല. മരുമക്കത്തായക്കാരായ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യ, മക്കൾ ഇവർക്ക് നന്മവരാൻ അവരുടെ കുടുംബദേവതയെകൂടി ഉപാസിക്കുന്നതാണ് ഉത്തമം. അച്ഛനോ അമ്മക്കോ വരുന്ന ദുരിതം മക്കളെയാണ് ബാധിക്കുക. സ്വത്തവകാശം മാത്രമേ നിയമത്തിനു ബാധകകമാവുകയുള്ളൂ. ധാർമ്മികത വേറെ തന്നെയാണ്.
ആധുനിക കാലത്ത് കുടുംബ യോഗങ്ങൾ മിക്കതും നന്നായി പ്രവർത്തിക്കുന്നുണ്ട്. കുടുംബ ചരിത്രം എഴുതുക, വംശാവലി രേഖപ്പെടുത്തിവെക്കുക തുടങ്ങിയ ശാസ്ത്രീയ മാർഗ്ഗങ്ങൾ മിക്കവരും ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. നന്നായി പഠിക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുക, വിജയികളെ അനുമോദിക്കുക, ഉദ്യോഗലബ്ധിയിൽ ഒത്തുചേർന്നാഹ്ലാദിക്കുക, ആപൽഘട്ടങ്ങളിൽ പൂർണ്ണ സഹായമെത്തിക്കുക ഇവയൊക്കെയാണ് കരണീയങ്ങൾ. ഏതെങ്കിലും വ്യവസ്ഥയിൽ വാർഷിക കുടുംബ യോഗങ്ങൾ നടന്നു വരുന്നുണ്ട്. ഒരുമിച്ച് തീർത്ഥയാത്രയോ വിനോദ യാത്രയോ നടത്തുന്നതും പതിവായിരിക്കുന്നു. ആളുകൾ തമ്മിലുണ്ടാകുന്ന നിസ്സാരങ്ങളായ സൗന്ദര്യപ്പിണക്കങ്ങളോ തെറ്റിദ്ധാരണകളോ ആപൽക്കരമായ ശത്രുതക്കു കാരണമാകാം. അത്തരം കാര്യങ്ങൾ യഥാസമയം ഗ്രഹിച്ച് നീതിയുക്തമായി പരിഹരിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. സമയവും കഴിവുമുള്ളവർ ഇതിന് തുനിഞ്ഞിറങ്ങണം.
അതിപുരതാന കാലം മുതൽ ചൊല്ലിവരുന്ന ഒരു പ്രാർത്ഥന ‘കുലം ചകുല ധർമ്മം ച മാം ചപാലയപാലയ’ എന്നാണ്. എന്റെ വംശം അതിന്റെ സാമൂഹിക ബാദ്ധ്യതകൾ നിർവ്വഹിക്കാനുള്ള കഴിവ്, എന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകൾ ഇതെല്ലാം നന്നാക്കിത്തരണമെന്നാണ് പ്രാർത്ഥനയുടെ സാരം. വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കും അവിടെ നിന്ന് സമൂഹത്തിലേക്കുമുള്ള പടിപടിയായ വളർച്ചയാണ് ഇതിൽ പ്രതിഫലിക്കുന്നത്.
കൂടാൻ ഇമ്പമുള്ള ഇടമാണ് കുടുംബമെന്ന് ഇക്കാലത്ത് ആധികാരികമായി നിർവ്വചിച്ചു കേൾക്കാറുണ്ട്. സംസ്‌കൃത പദത്തിന് തമിഴിലോ മലയാളത്തിലോ നിഷ്പത്തി പറയുന്നതു ശരിയല്ല. പക്ഷേ അത്ഭുതമെന്നു പറയട്ടെ, ഈ വിശദീകരണത്തിനുള്ളിൽ അബോധപൂർവ്വമായി ഒരു ശരി കുടുങ്ങികിടക്കുന്നുണ്ട്. സ്‌നേഹബന്ധമാണ് ഏറ്റവും വലിയ ബന്ധമെന്നാണത്. കൂടാൻ ഇമ്പമുണ്ടെങ്കിലും ഇല്ലെങ്കിലും കുടുംബം കുടുംബം തന്നെ. കൗരപാണ്ഡവർ ഒരു കുടംബക്കാരായിട്ടും യുദ്ധവും സർവ്വനാശവും ഉണ്ടായല്ലോ. ഒരു തുണ്ടു ഭൂമിക്ക് വേണ്ടിയും നിസ്സാരങ്ങളായ മറ്റവകാശങ്ങക്കു വേണ്ടിയും തമ്മിൽ തല്ലി നശിച്ച തറവാടുകൾ സമീപകാലം വരെ ധാരാളമായിരുന്നു. വ്യക്തികളുടെ നല്ല മനസ്സാണ് ഇതിനു പരിഹാരം. രക്ഷിതാക്കൾ ബോധപൂർവ്വം തങ്ങളുടെ സ്വഭാവം നന്നാക്കുക, കുട്ടികൾക്ക് ഐക്യത്തിന്റെയും നല്ല ശീലങ്ങളുടേയും പാഠങ്ങൾ കാട്ടിക്കൊടുക്കുക, ഇതിലൊക്കെ ശ്രദ്ധവെക്കണം. ത്യാഗപൂർണ്ണമായ സ്‌നേഹം വളർന്നു വരണം. നിശ്ചയമായും കുടുംബയോഗങ്ങൾ അതിനുള്ള കളരികളാകണം. ഓരേ അച്ഛനമ്മമാരുടെ ആൺ പെൺ മക്കളും അവരുടെ മക്കളുമടങ്ങുന്ന പുതിയ കുടുംബ സങ്കൽപം രൂപപ്പെട്ടുവരുന്നുണ്ട്. ഇതും ശുഭോതർക്കമാണ്. എന്തായാലും എല്ലാം ലോകം ഒരു കുടുംബം എന്ന മഹത്തായ സങ്കൽപ്പത്തിന് പ്രചോദകങ്ങളാകട്ടെ! എങ്ങും നന്മ നിറയട്ടെ!

ഡോ.പ്രിയദർശൻലാൽ
Share

Leave a Reply

Your email address will not be published. Required fields are marked *