നോളജ് സിറ്റി: മർകസ് യൂനാനി മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മൾട്ടി സ്‌പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജനുവരി 26,27,28 തിയ്യതികളിലായി നടക്കുന്ന മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ പരിശോധനയും മരുന്നുകളും ലാബ് ടെസ്റ്റുകളും സൗജന്യമായിരിക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള ക്യാമ്പിൽ മർകസ് യൂനാനി മെഡിക്കൽ കോളേജിലെ മുഴുവൻ ഡിപ്പാർട്ട്‌മെന്റുകളും പങ്കെടുക്കും. കൂടാതെ അലോപ്പതി, നാച്വറോപ്പതി വിഭാഗങ്ങളുടെ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കും. ക്യാമ്പിലെത്തുന്ന കിടത്തി ചികിത്സ ആവശ്യമായ 100 പേർക്ക് മൂന്ന് ദിവസത്തെ സൗജന്യ കിടത്തി ചികിത്സയും നൽകും. സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 6235998811, 9120200400, 9526213535 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പലിൽ ജനറൽ വിഭാഗത്തിൽ ഹൃദ്രോഗം, കിഡ്‌നി, ന്യൂറോ, വാതം തുടങ്ങിയവയുടെയും, സർജറി വിഭാഗത്തിൽ സന്ധി, അസ്ഥി, വൃണം, മുഴ, ഉദര രോഗം തുടങ്ങിയവയുടെയും ചികിത്സ ലഭ്യമാകും. കൂടാതെ ഇ എൻ ടി, സ്ത്രീ സംബന്ധ രോഗങ്ങൾ, വെള്ളപ്പാണ്ട്, സോറിയാസിസ്, എക്‌സിമ, പുരുഷ ലൈംഗിക രോഗങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്‌നങ്ങൾ, മാനസിക രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, പകർച്ച വ്യാധികൾ തുടങ്ങിയവക്കും സൗജന്യ ചികിത്സ കിട്ടും. ഇതിനു പുറമെ സുഖ-ചികിത്സകൾ, ഹിജാമ, ഫസദ് തെറാപ്പികൾ, ജനറൽ-ഫിറ്റ്‌നസ് ചെക്കപ്പുകൾ തുടങ്ങിയവയും ലഭിക്കും. മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ.അസ്മത്തുള്ള, ചീഫ് ഫിസിഷ്യൻ ഡോ.ഒ.കെ.എം.അബ്ദുറഹിമാൻ, ലുഖ്മാൻഹാജി.ബി.സി എന്നിവർ പങ്കെടുത്തു.