കോഴിക്കോട്: ഡോ.ഇ.നാരായണൻകുട്ടി വാരിയർ രചിച്ച ‘കാൻസർ കഥ പറയുമ്പോൾ’ എന്ന പുസ്തകം പ്രതീക്ഷയുടെ കിരണങ്ങൾ സമ്മാനിക്കുന്ന പുസ്തകമാണെന്ന് എം.മുകുന്ദൻ പറഞ്ഞു. ഈ പുസ്തകം വായിച്ചു കഴിഞ്ഞാൽ കാൻസറിനെ ഭയപ്പെടേണ്ടതില്ലെന്ന പ്രചേദനം നമുക്ക് ലഭിക്കും. കാൻസറിനെ സംബന്ധിച്ച് മാത്രമല്ല മറ്റ് വിഷയങ്ങളുംഇതിൽ പ്രതിപാദിക്കുന്നുണ്ട്. വിശപ്പിന്റെ വിളി വരുമ്പോൾ പ്രകടിതമാകുന്ന കമ്യൂണിസ്റ്റാശയവും, ബാബരി മസ്ജിദും, മഹാഭാരതത്തിലെ ആരണ്യ പർവ്വത്തെക്കുറിച്ചുമെല്ലാം ഇതിലുണ്ട്. രോഗം പറയുമ്പോൾ ഡോക്ടർക്കുണ്ടാകുന്ന വികാരവും, ഈ രോഗിയെ ചികിത്സിക്കാൻ കഴിയുമോ, തനിക്ക് രോഗം ഭേദമാക്കാനാവുമോ എന്ന ചിന്തകളും ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നുണ്ട്. കാൻസർ കഥ പറയുമ്പോൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗിയെ ചികിത്സിക്കുക മാത്രമല്ല അവരുടെ പുനർജീവനത്തിന്റെ കഥയും രേഖപ്പെടുത്തപ്പെട്ടുണ്ട്. കാൻസർ രോഗികൾക്ക് സമൂഹത്തിൽ തൊട്ട് തീണ്ടായ്മയുണ്ട്. അവർക്ക് സ്‌നേഹമാണ് സമൂഹം നൽകേണ്ടത്. രാമദാസ് ഈ പുസ്തകം മനോഹരമായി, ആർജ്ജവമുള്ള ഭാഷയോടെ പകർത്തിയെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സുധീര .പുസ്തകം ഏറ്റുവാങ്ങി. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഖദീജ മുംതസ് പുസ്തകം പരിചയപ്പെടുത്തി. എം.മുകുന്ദനെ എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയ കൃഷ്ണൻ ആദരിച്ചു. ഡോ.ഇ.നാരാണൻകുട്ടി വാരിയർ മറുമൊഴി നടത്തി. എം.പി.പ്രശാന്ത് സീനിയർ അസിസ്റ്റന്റ് എഡിറ്റർ ദി ന്യൂ ഇന്ത്യൻ എക്‌സപ്രസ്സ്, ഡോ.പി.ജയേഷ്‌കുമാർ മെഡിസിൻ വിഭാഗം മേധാവി മെഡിക്കൽ കോളേജ്, ഡോ.ബി.വേണുഗോപാൽ, പ്രസിഡണ്ട് ഐ.എം.എ.കോഴിക്കോട്, കെ.ജെ.തോമസ് പ്രസിഡണ്ട് പ്രതീക്ഷ സംസാരിച്ചു.എം.കെ.രാമദാസ് സ്വാഗതവും, പ്രതീക്ഷ സെക്രട്ടറി സജീവൻ പറമ്പത്ത് നന്ദിയും പറഞ്ഞു.