കോഴിക്കോട്: പ്രേംനസീർ എന്ന മഹാനായ കലാകാരൻ സിനിമാ ലോകത്തിന് എക്കാലവും മാതൃകയാണെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. അദ്ദേഹം ചെയ്ത നന്മകൾ പുതിയ കലാകാരന്മാർ പഠിക്കണം. സിനിമയിലൂടെ തനിക്ക് ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനത്തിനടക്കം ഉപയോഗിച്ച മാതൃകയാണുള്ളത്. ഇന്ന് സിനിമയിൽ നിന്ന് ലഭിക്കുന്ന പണംകൊണ്ട് ക്വട്ടേഷൻ കൊടുക്കുന്ന കലാകാരന്മാർ വേറെ ലവലിലേക്കാണ് പോകുന്നത്. എം.ടി.വാസുദേവൻ നായർ പൂമരമെന്നും, വൈക്കം മുഹമ്മദ് ബഷീർ മഹാത്ഭുതമെന്നുമാണ് പ്രേം നസീറിനെ വിശേഷിപ്പിച്ചത്.മത സൗഹാർദ്ദത്തിന്റെ, മതേതരത്വത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. കോഴിക്കോട് ടൗൺഹാളിൽ പ്രേം നസീർ സാംസ്‌കാരിക വേദിയുടെ പ്രേം നസീർ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അഷ്‌റഫ്.