കോഴിക്കോട്: മലയാള സിനിമയിലെ നായക സങ്കൽപ്പം തിരുത്തിയെഴുതിയ മഹാനടനാണ് ഇന്ദ്രൻസെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. മലയാളികൾ സ്‌നേഹിക്കുന്ന അഭിനയ കലയിലെ
വിസ്മയമാണ് അദ്ദേഹം. സിനിമയിൽ എന്തിനാണ് നായകൻ/നായിക എന്ന ചേദ്യം ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. ശരീരത്തിന്റെ സൗന്ദര്യമല്ല അഭിനയിക്കാനുള്ള കഴിവാണ് വേണ്ടതെന്നും, മനസിന്റെ സൗന്ദര്യമാണ് അഭിനയ സിദ്ധിക്കാധാരമെന്നും മലയാള സിനിമയ്ക്ക് ബോധ്യമായത് ഇന്ദ്രൻസിലൂടെയാണ്. ഉയരങ്ങളിലെത്തിയപ്പോഴും ഇന്ദ്രൻസ് സുരേന്ദ്രനെ(ഭൂതകാലം) മറന്നിട്ടില്ല. വിനയം മുറുകെ പിടിക്കുന്നു എന്നത് മാതൃകാപരമാണ്. രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡ് നടൻ ഇന്ദ്രൻസിന് എം.മുകുന്ദൻ സമ്മാനിച്ചു. മാനേജിംഗ് ട്രസ്റ്റി ശിഷൻ ഉണ്ണീരിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഖദീജ മുംതസ്, സംവിധായകൻ എം.മോഹനൻ, മേയർ ബീന ഫിലിപ്പ് സംസാരിച്ചു. എം.എ.ഉണ്ണികൃഷ്ണൻ പ്രശസ്തി പത്ര പാരായണം നടത്തി.