കോഴിക്കോട്: കൊലയാളികളെ നിലക്ക് നിർത്താൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും, വിദ്യാർത്ഥി രാഷ്ട്രീയത്തിലെ കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ലെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്ജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.റെയിൽ കേരളത്തെ തകർക്കുമെന്ന് വിവരമുള്ളവർ പറഞ്ഞിട്ടും പിണറായി അരയും തലയും മുറുക്കി മുന്നോട്ട് പോകുകയാണ്. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരോട് സംസാരിക്കാൻ സർക്കാർ തയ്യാറാകണം. സർവ്വേ കല്ലിൽ തൊട്ടാൽ പല്ല് പോകുമെന്ന് പറഞ്ഞ നേതാവിനെ ദൈവം സഹായിക്കട്ടെ. ജപ്പാനിൽ ഒഴിവാക്കിയ ആക്രി ഏറ്റിക്കൊണ്ടുവന്നാണ് പിണറായി കെ.റെയിൽ സ്ഥാപിക്കാൻ മിനക്കെടുന്നത്. ഈ ഇടപാടിൽ 15,000 കോടിയുടെ അഴിമതിയുണ്ട്. 1997ൽ ചെറുവണ്ണൂർ-നല്ലളം ഡീസൽ പദ്ധതി പിണറായിയുടെ കാലത്താണ് നടപ്പാക്കിയത്. 1100 കോടി രൂപയാണ് കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടാക്കിയത്. ഇപ്പോൾതന്നെ കേരളം മൂന്ന് ലക്ഷത്തി അറുപതിനായിരം കോടി രൂപ കടത്തിലാണ്. കെ.റെയിലിന്റെ രണ്ട് ലക്ഷം കൂടിയാകുമ്പോൾ കടം ഭീമമായി വർദ്ധിക്കും. ഈ കടം എങ്ങനെ വീട്ടുമെന്ന് പിണറായി വ്യക്തമാക്കണം. കെ.റെയിൽ പദ്ധതിയെ ജനകീയ ചെറുത്ത് നിൽപ്പിലൂടെ പരാജയപ്പെടുത്തുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷൈജോ ഹസനും പങ്കെടുത്തു.