കോഴിക്കോട്: പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്നും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗ രീതിയിൽ മാറ്റങ്ങളുണ്ടാകലാണ് സംഘർഷങ്ങളും കൊലപാതകങ്ങളും അവസാനിക്കാൻ വേണ്ടതെന്നും എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പറഞ്ഞു. എസ് എസ് എഫ് മുഖ പത്രമായ രിസാലയുടെ പ്രചരണ കാലവുമായി ബന്ധപ്പെട്ട് നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യ ഇടപെടലുകളാണ് പലപ്പോഴും കാമ്പസുകളെ കൊലക്കളമാക്കുന്നത്.
മാതൃ പാർട്ടിയുടെ രാഷ്ട്രീയ ലാഭത്തിനല്ല വിദ്യാർത്ഥി സമൂഹത്തിന്റെ ക്ഷേമത്തിനാകണം കലാലയ രാഷ്ട്രീയം. ഹിംസയിലേക്കും, സ്വേച്ഛാധിപത്യത്തിലേക്കും കാമ്പസ് രാഷ്ട്രീയം വഴി മാറുമ്പോഴാണ് സംഘട്ടനങ്ങൾ സംഭവിക്കുന്നത്. സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാകേണ്ട കാമ്പസുകളെ കലാപ ഭൂമിയാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.ബി ബഷീർ, പി ജാബിർ, എം ജുബൈർ സംസാരിച്ചു.