കിൻഫ്ര ഏറ്റെടുത്ത ഭൂമിയുടെ പണം ഉടൻ നൽകണം

കോഴിക്കോട്: 2008ൽ കിൻഫ്രക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമി വിട്ടുകൊടുത്ത നൂറ്റി അമ്പതോളം കുടുംബങ്ങൾ പണം കിട്ടാതെ കഷ്ടപ്പെടുകയാണെന്നും പ്രശ്‌നത്തിന് അടിയന്തിര പരിഹാരമായില്ലെങ്കിൽ കിൻഫ്രയിൽ സർക്കാർ ആരംഭിക്കുന്ന ഐടി ഹബ്ബിന്റെ ഉൽഘാടനം തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികൾ നടത്തേണ്ടി വരുമെന്ന് രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് ലാന്റ് യൂസേഴ്‌സ് ആക്ഷൻ കമ്മറ്റി ഭാരവാഹികളായ എം.പി.ജനാർദ്ദനനും, കോ-ഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ.പിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാമനാട്ടുകര വില്ലേജിൽ നോളജ് പാർക്കിന് വേണ്ടി 77.68 ഏക്കർ ഭൂമിയിലാണ് സർക്കാർ ഗസറ്റ് വിജ്ഞാനമിറക്കി തുച്ഛമായ വിലക്ക് ഏറ്റെടുത്തത്. ന്യായവില ലഭിക്കാൻ ഭൂവുടമകൾ കോഴിക്കോട് സബ് കോടതിയിൽ കേസിന് പോയി. പ്രദേശത്തെ സ്ഥല വിലയേക്കാൾ കുറവാണെങ്കിലും ന്യായമായ വിലയാണ് കോടതി വിധിച്ചത്. എന്നാൽ കോടതി വിധി നടപ്പാക്കാതെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോയി. എന്നാൽ കോടതി വിധിയുടെ പകുതി ഉടമകൾക്ക് നൽകിയാൽ കേസ് പരിഗണിക്കാം എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 2014ൽ ഭൂവുടമകൾക്ക് പകുതി പണം ലഭിച്ചു.
4 വർഷം ഹൈക്കോടതിയിൽ കേസ് നടന്നു. 2018 ജൂൺ 14ന് സർക്കാരും, ഭൂവുടമകളും ഉണ്ടാക്കിയ സെറ്റിൽമെന്റ് പ്രകാരം കീഴ് കോടതി വിധിച്ച വിലയിൽ നിന്ന് 5% കുറച്ച് വിലയും 15% പലിശയും കൂടി 2018 നവംബർ മാസം പണം നൽകണമെന്നും, അല്ലാത്തപക്ഷം കീഴ്‌ക്കോടതി വിധി നിലനിൽക്കുമെന്ന് ജസ്റ്റിസ് ചിദംബരേഷ്, നൈനാൻകോശി എന്നിവർ സെറ്റിൽമെന്റ് ഡിക്രിയാക്കി ഒപ്പിട്ടു. ഇത് അവഗണിച്ച് സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ പോയി. 2019ൽ വ്യവസായമന്ത്രി ഇ.പി.ജയരാജൻ ഉദ്യോഗസ്ഥൻമാർ തെറ്റിദ്ധരിപ്പിച്ചകൊണ്ടാണ് സർക്കാർ സുപ്രീം കോടതിയിൽ പോയതെന്നും 45 ദിവസത്തിനകം കേസ് പിൻവലിച്ച് പണം നൽകുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ ഒന്നര വർഷക്കാലം കിൻഫ്രക്ക് മുൻപിൽ ഭൂവുടമകൾ സമരം നടത്തിയെങ്കിലും സർക്കാർ തിരിഞ്ഞ് നോക്കിയില്ലെന്നവർ ആരോപിച്ചു. 2021ആഗസ്റ്റ് 12ന് നിയമസഭാ ഹാളിലും 24ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലും ചേർന്ന യോഗത്തിൽവെച്ച് വ്യവസായ പൊതുമരാമത്ത് മന്ത്രിമാർ ചേർന്നെടുത്ത തീരുമാന പ്രകാരം കീഴ്‌ക്കോടതി വിധിച്ച സ്ഥല വിലയും 2019 31വരെയുള്ള 15% പലിശയും തരാമെന്നും 2 വർഷത്തെ പലിശ ഒഴിവാക്കി തരണമെന്ന നിർദ്ദേശം ഭൂവുടമകൾ അംഗീകരിക്കുകയും 45 ദിവസത്തിനകം പണം തരാമെന്ന് പറഞ്ഞു. എന്നാൽ അതും നടപ്പായില്ല.സെപ്തംബർ 3ന് കിൻഫ്ര അയച്ച കത്തിൽ പഴയ വിധിയിലെ തുകയിൽ നിന്ന് 5% കുറക്കണമെന്ന കാര്യമാണ് നിർദ്ദേശിച്ചത്. ഇത് മുൻധാരണകൾക്ക് എതിരാണ്. മാത്രമല്ല 28 മാസത്തെ പലിശയായ 38 കോടി വിട്ടുവീഴ്ച നൽകി മന്ത്രിമാരുമായുണ്ടാക്കിയ കരാർ നടപ്പാക്കണമെന്ന് ആക്ഷൻ കമ്മറ്റി നിലപാടെടുത്തു. ഡിസംബർ 12ന് മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവരകുമായി നടത്തിയ ചർച്ചയിൽ വീണ്ടും വിട്ടുവീഴ്ച നടത്താൻ ഭൂവുടമകൾ തയ്യാറായി. ഇതനുസരിച്ച് 2020 മുതൽ കോടതി നൽകിയ 15% പലിശ(30 കോടി രൂപ)വേണ്ടെന്ന് വെക്കുകയും സ്ഥലവിലയിൽ 5% കുറച്ചുകൊണ്ടും ഒത്തു തീർപ്പിലെത്തി. 2021 ഡിസംബർ 31ന് മുൻപ് മന്ത്രിസഭാ യോഗത്തിൽ വെച്ച് പാസാക്കി തരാമെന്നായിരുന്നു ധാരണ. ഇതിനകം നാലോളം മന്ത്രിസഭാ യോഗങ്ങൾ നടന്നു. പണം എന്ന് നൽകുമെന്ന് കിൻഫ്ര എംഡിക്കോ വ്യവസായ വകുപ്പിനോ വ്യക്തമായ ഉത്തരം പറയാനാവുന്നില്ല. ഭൂവുടമകൾ കടുത്ത ദുരിതത്തിലാണ്. 15ഓളം ഭൂവുടമകൾ കഴിഞ്ഞ 13 വർഷത്തിനകം മരണപ്പെട്ടു. കോടതികൾ കയറിയിറങ്ങിയും അധികാരസ്ഥാനങ്ങളിൽ പോയിട്ടും പ്രശ്‌ന പരിഹാരമില്ലാതെ തുടരുകയാണ്. 44 കോടി രൂപയോളം വിട്ടുവീഴ്ച ചെയ്തിട്ടും ഗവൺമെന്റ് വാക്ക് പാലിക്കുന്നില്ല. 120 കുടുംബങ്ങളിലായി 2000ത്തോളം പേരാണ് കഷ്ടപ്പെടുന്നത്. ഹൈക്കോടതി അനുകൂല വിധി വന്നപ്പോൾ പ്രദേശത്ത് ബാങ്കുകളിൽ നിന്നൊക്കെ വായ്പയെടുത്താണ് പെൺമക്കളുടെ വിവാഹമടക്കമുള്ള ആവശ്യങ്ങൾ നിറവേറ്റിയത്. അതെല്ലാം ജപ്തി നടപടികളിലേക്ക് നീങ്ങുകയാണ്. സ്ഥലം എം.എൽ.എയും, മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ ഇടപെടലാണ് കാര്യങ്ങൾ അൽപ്പമെങ്കിലും വേഗത്തിലാക്കിയിട്ടുള്ളത്. പണം ഉടൻ തന്നില്ലെങ്കിൽ കിൻഫ്രയിൽ സർക്കാർ കെട്ടിപ്പൊക്കിയ 6 നില കെട്ടിടത്തിൽ ആരംഭിക്കുന്ന ഐ.ടി ഹബ്ബിന്റെ ഉൽഘാടനമടക്കം തടയുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. എളമരം കരീം വ്യവസായ മന്ത്രിയായ കാലത്താണ് ഭൂമിയേറ്റെടുക്കൽ നടന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഭൂവുടമകൾക്ക് പകുതി പണം ലഭിച്ചത്. അഞ്ച് വ്യവസായ വകുപ്പ് മന്ത്രിമാരുടെ മുൻപിൽ ഈ വിഷയം എത്തിയിട്ടുണ്ട്. സംസ്ഥാ അഡ്വക്കറ്റ് ജനറൽ ഈ കേസിൽ മെറിറ്റില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടും ഉദ്യോഗസ്ഥ ലോബിയാണ് സുപ്രീം കോടതിവരെ ഇത് വലിച്ചിഴച്ചത്. നമ്മുടെ നികുതി പണമാണ് വക്കീലന്മാർക്ക് ഫീസായി നൽകിയത്. ആക്ഷൻ കമ്മറ്റി പ്രസിഡണ്ടായ കോയാമു ഹാജിയടക്കമുളള വൃദ്ധർവരെ പണം കിട്ടാൻ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. കോയാമു ഹാജി, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം പി.ചന്ദ്രനും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *