കോഴിക്കോട്: ജനുവരി 7 മുതൽ 14വരെ അഹമ്മദാബാദ്, സൂറത്ത്, കെവടിയ, വടോതര, രാജ്‌കോട്ട്, വൈറ്റ് റാണ ഓഫ് കച്ച എന്നിവിടങ്ങളിൽ നടക്കുന്ന ഗുജറാത്ത് ഇന്റർ നാഷണൽ കൈറ്റ് ഫെസ്റ്റിൽ കേരള ടീമുകളെ അഡ്വ.ഷമീം പക്‌സാൻ, ഷിജി ജെയിംസ് എന്നിവർ നയിക്കും. രണ്ട് വിഭാഗങ്ങളായി നടക്കുന്ന മൽസരത്തിൽ രാജ്യാന്തര വിഭാഗത്തിലും, ദേശീയ വിഭാഗത്തിലുമാണ് കേരള ടീം മൽസരിക്കുന്നത്. ഏഴ് വനിതകൾ ഉൾപ്പെടെ 44 പേരാണ് കേരള ടീമിലുള്ളത്.
പട്ടം നിർമ്മാണ ശാല, പരമ്പരാഗതമായ പട്ടം പറത്തൽ മൽസരം, കൂറ്റൻ പട്ടങ്ങളുടെ പ്രദർശനം, സ്‌പോർട്‌സ് കൈറ്റുകളുടെ പ്രദർശന മൽസരം എന്നീ നാല് വിഭാഗങ്ങളിലാണ് കൈറ്റ് ഫെസ്റ്റിവെൽ ക്രമീകരിച്ചിട്ടുള്ളത്. ഗുജറാത്ത് ടൂറിസവും, ഇൻക്രഡിബിൾ ഇന്ത്യയുമാണ് കൈറ്റ് ഫെസ്റ്റിന്റെ സംഘാടകർ. കൂറ്റൻ പട്ടങ്ങളുടെ പ്രദർശനത്തിൽ വൺ ഇന്ത്യ കൈറ്റ് ടീമിന്റെ പറക്കും തളിക, താറാവ്, കടുവ, കരടി, വിവിധ തരം മൽസ്യങ്ങളുടെ പട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കും. യുദ്ധ വിമാനങ്ങളുടെ ശബ്ദമുള്ള സ്‌പോർട് കൈറ്റുകളാണ് ഈ വർഷം പുതുതായി കേരള സംഘം അവതിരപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ അബ്ദുള്ള മാളിയേക്കൽ, നവീന.എസ്, സാഗർ ദാസ്, ഷാഹിർ മണ്ണിങ്കൽ പങ്കെടുത്തു.