കേരള ബാങ്കിന്റെ അമിത പലിശ സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്: സംസ്ഥാനത്തെ മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾക്ക് കേരള ബാങ്ക് വായ്പ നൽകുമ്പോൾ 12.5 ശതമാനം പലിശ ഈടാക്കുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നോർത്ത് മലബാർ ചെയർമാൻ പി.സൈനുദ്ദീൻ സഹകരണ വകുപ്പ് മന്ത്രിക്കും, വകുപ്പ് സെക്രട്ടറിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നാഷലൈസ്ഡ് ബാങ്കുകൾ വിറ്റ് വരവിന്റെ അടിസ്ഥാനത്തിൽ ഓവർ ഡ്രാഫ്റ്റ് നൽകുമ്പോൾ കേരള ബാങ്ക് ഇപ്പോഴും സ്‌റ്റോക്കിന്റെ 60% മാത്രമാണ് ക്യാഷ് ക്രഡിറ്റ് വായ്പ നൽകുന്നത്. ഇതാണ് മാർക്കറ്റിംഗ് സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടാതിരിക്കാൻ ഒരു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റിക്ക് 8% പലിശയും, മാർക്കറ്റിംഗ് സംഘങ്ങൾക്ക് 12.5%വുമാണ് ഈടാക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് കേരള ബാങ്ക് വായ്പ നിഷേധിക്കുന്നുമുണ്ട്. ദേശസാൽകൃത ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുമ്പോൾ കേരള ബാങ്കാകട്ടെ അമിത പലിശയാണ് ഈടാക്കുന്നത്. സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകാനുള്ള അവകാശം നിയമപരമായി കേരള ബാങ്കിന് മാത്രമാണെന്നത് വിപണന സംഘങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരമായി കേരള ബാങ്ക് കാണരുത്. ദേശസാൽകൃത ബാങ്കുകളും, സ്വകാര്യ ബാങ്കുകളും 7 ശതമാനം പലിശക്ക് വായ്പ നൽകാൻ തയ്യാറാണെന്ന വസ്തുത കേരള ബാങ്ക് അധികൃതർ കണ്ണ് തുറന്ന് കാണണം. പ്രവർത്തന മൂലധനത്തിന്റെ അഭാവമാണ് പദ്ധതികൾ ഏറ്റെടുക്കാൻ സംഘങ്ങൾക്ക് വിഘാതമാകുന്നത്. വളരെ പ്രയാസത്തിലൂടെ കടന്നുപോകുന്ന ഇത്തരം സംഘങ്ങളെ കുറിച്ച് പഠിക്കാൻ സഹകരണ വകുപ്പും, സർക്കാരും തയ്യാറാകണം. സംഘങ്ങളെ പദ്ധതികളേറ്റെടുത്ത് ജനോപകാരപ്രദമായി മുന്നോട്ട് പോകുന്നതിന് മിതമായ പലിശ നിരക്കിൽ ദീർഘകാല-മധ്യകാല -ഹൃസ്വകാല വായ്പ പദ്ധതികൾ ആരംഭിക്കണമെന്നും, സഹകരണ വകുപ്പ് മന്ത്രിയും, വകുപ്പും ഇക്കാര്യത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *