പോലീസിന്റെ അന്യായമായ ഇടപെടലുകൾ വർദ്ധിച്ചുവരുന്ന സംഭവങ്ങളാണ് തുടരെ തുടരെ പുറത്തു വരുന്നത്. പോലീസ് ജനങ്ങൾക്ക് നീതിയും, നിയമവും നൽകേണ്ടവരാണ്. ജനങ്ങളുടെ സ്വത്തും, ജീവനും സംരക്ഷണം നൽകേണ്ടവരാണ്. എന്നാൽ സമൂഹത്തിലെ പല കോണുകളിൽ നിന്ന് പോലീസിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. ഇത് കേരള പോലീസിന് ഭൂഷണമല്ല. രാജ്യത്തിന് തന്നെ അഭിമാനകരമായ സേനയാണ് കേരള പോലീസ് എന്നത് തർക്കമറ്റ വസ്തുതയാണ്. അതിന് കളങ്കം ചാർത്തുന്ന നടപടി കോൺസ്റ്റബിൾ തൊട്ട് മുകളിൽ എത്ര ഉയർന്ന റാങ്കിലള്ളവരായാലും അവരെ നിലക്ക് നിർത്തണം. ധരിക്കുന്ന കാക്കിയുടെ വിശുദ്ധിയും മാന്യതയും നഷ്ടപ്പെടുത്തുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുത്ത്, കുറ്റവാളികളാണെങ്കിൽ ശിക്ഷയും നൽകണം. കേരളത്തിന്റെ വരുമാന സ്രോതസുകളിലൊന്നും, ഭാവി കേരളത്തിന്റെ വികസന പാതയുമാണ് ടൂറിസം. കഴിഞ്ഞ ദിവസമാണ് ഒരു വിദേശിയോട് വളരെ മോശമായി പെരുമാറുകയും, നാടിന് തന്നെ നാണക്കേട് ഉണ്ടാക്കുകയും ചെയ്തത്. പോലീസ് ഒരു കാര്യം മനസിലാക്കണം. നിങ്ങൾ ജനങ്ങളെ നിരീക്ഷിക്കുന്നപോലെ സമൂഹം നിങ്ങളെയും വിലയിരുത്തുന്നുണ്ട്. അത്‌കൊണ്ട്തന്നെ അധാർമ്മികമായ നടപടികൾ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ അത് സമൂഹം ഒപ്പിയെടുക്കും.
മറ്റൊരു സംഭവമാണ് ട്രെയിനിൽവെച്ച് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം. കുറ്റവാളിയായ പോലീസുദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നല്ലകാര്യം. എന്നാൽ മർദ്ദനമേറ്റ വ്യക്തിക്ക് നീതി ലഭിക്കണമെങ്കിൽ ഈ പോലീസുദ്യോഗസ്ഥനെ ശിക്ഷിക്കുകതന്നെ വേണം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരുടെ മൊ ഴികളിൽ നിന്ന് മനസിലാവുന്നത് യാത്രക്കാരൻ ട്രെയനിൽ യാതൊരു കുഴപ്പവുമുണ്ടാക്കിയിട്ടില്ലെന്നാണ്.
ഇന്നലെ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനം നടത്തിയാണ് പ്രമുഖ ക്രിമിനൽ അഭിഭാഷകനും, സിപിഎം അംഗവുമായ എടത്തൊടി രാധാകൃഷ്ണൻ പോലീസിനെതിരെ ആഞ്ഞടിച്ചത്. അദ്ദേഹം പറയുന്നത് പോലീസിലെ ചിലർ കാക്കിയിട്ട ഗുണ്ടകളാണെന്നാണ്. മുൻപ് കസബ എസ്‌ഐ ആയും, ഇപ്പോൾ ബേപ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയും ജോലിചെയ്യുന്ന സജിത്ത് വാക്കാട്ട് എന്ന പോലീസുദ്യോഗസ്ഥന്റെ തെറ്റായ ഇടപെടലുകളാണ് അദ്ദേഹം വിവരിച്ചത്. എതിർ കക്ഷിയിൽ നിന്ന് ക്രൂരമായി മർദ്ദനമേറ്റ തന്റെ കക്ഷിയായ ഷനിത്തിന്, സജിത്ത് വാക്കാട്ട് നീതി നിഷേധിക്കുക മാത്രമല്ല കള്ളക്കേസ് എടുത്ത് ജയിലിലടയ്ക്കാൻ ശ്രമിച്ചു എന്നാണ്. കോടതിയിൽ നിന്ന് നീതികിട്ടിയില്ലായിരുന്നെങ്കിൽ ജയിലിൽ പോകേണ്ടി വരുമായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സജിത്ത് വാക്കാട്ട് മാത്രമല്ല ഒരു കൂട്ടം പോലീസ് സബ് ഇൻസ്‌പെക്ടർമാർ(പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്) കള്ളക്കെസ് എടുക്കാൻ കൂട്ട് നിന്നു എന്നാണ്. ഇവർക്കെതിരെയെല്ലാം അന്വേഷണം നടത്താൻ പോലീസ് ഉന്നതാധികാരികൾ തയ്യാറാകണം.
പോലീസ് ഏതെങ്കിലും വ്യക്തിക്കോ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ, നിക്ഷിപ്ത താൽപര്യങ്ങൾക്കോ നിൽക്കേണ്ടവരല്ല, അവർ സമൂഹത്തിന് നീതി നടപ്പിലാക്കേണ്ടവരാണ്. ആ നീതിയുടെ കൈതാങ്ങാണ് സമൂഹം പോലീസിൽ നിന്ന് പ്രതീക്ഷിക്കുന്നതും.