കോഴിക്കോട്: ആഗോള പ്രവാസി ദിനത്തോടനുബന്ധിച്ച് ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന എൻ.ആർ.ഐ സമ്മിറ്റ് 9ന് മുംബൈയിൽ നടക്കുമെന്ന് ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടിയും പ്രസിഡണ്ട് എം.വി.കുഞ്ഞാമുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുംബൈ അന്ധേരി ഈസ്റ്റിലുള്ള മെട്രോപോളിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനം കേന്ദ്ര സോഷ്യൽ ജസ്റ്റിസ് വകുപ്പ് മന്ത്രി രാംദാസ് അത്തേവാല ഉൽഘാടനം ചെയ്യും. തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥി ആയിരിക്കും. ഐ.എ.സി.സി.ചെയർമാൻ എൻ.കെ.ഭൂപേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ബെസ്റ്റ് എൻ.ആർ.ഐ സർവ്വീസിനുളള പുരസ്‌കാരം മുംബൈ ഫെഡറൽ ബാങ്കിനും, ഗ്ലോബൽ എക്‌സലൻസി അവാർഡ് ബഡ്ജറ്റ് ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ജന.സെക്രട്ടറി വി.കെ.സൈനുദ്ദീനും മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാർ സാമ്പത്തിക വിദഗ്ധൻ ഡോ.ഡൈന മിത്ര ഗൺഷം ചിരംകാർ ഉൽഘാടനം ചെയ്യും. കോഴിക്കോട് സെന്റ്‌സേവിയസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗ്ഗീസ് മാത്യു അദ്ധ്യക്ഷത വഹിക്കും. പ്രവാസി പദ്ധതികളെക്കുറിച്ച് മുംബൈ നോർക്ക ഡവലപ്‌മെന്റ ഓഫീസർ എസ്.ശ്യാംകുമാർ സംസാരിക്കും. ടി.കെ.സി മുഹമ്മദലി ഹാജി(കെ.എം.സി.സി), അഡ്വ.പത്മ ദിവാകർ(റിട്ട.ഇൻകം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണർ), സുനിൽ വിജയൻ(മഹാരാഷ്ട്ര മലയാളി വെൽഫെയർ ഫോറം പ്രസിഡണ്ട്) പ്രസംഗിക്കും.