കോഴിക്കോട്: കോവിഡ് പ്രതിസന്ധി സംസ്ഥാനത്തെ പ്രസ്സുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, ജോലിക്കുറവിനൊപ്പം കടലാസ്, മഷി, കെമിക്കൽസ് എന്നിവയുടെ വിലക്കയറ്റം, ദൗർലഭ്യത മൂലം പ്രിന്റിംഗ് നിരക്ക് വർദ്ധിപ്പിക്കുകയാണെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടി നിരക്ക് 12%ൽ നിന്ന് 18%മായി വർദ്ധിപ്പിച്ചത് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ ന്യൂസ് പ്രിന്റിന് പുറമെ അച്ചടിക്കാവശ്യമായ മറ്റ് പേപ്പറുകളുടെ ഉൽപ്പാദനവും ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ഒന്നു മുതൽ പ്രിന്റിംഗ് നിരക്ക് 10 മുതൽ 30 ശതമാനംവരെ വർദ്ധിപ്പിക്കും. ജില്ലാ സെക്രട്ടറി കെ.രമേഷ്, പ്രസിഡണ്ട് എസ്.സുമോദ് കുമാർ, ട്രഷറർ നെച്ചോളി മനോജ് കുമാർ, എം.എസ്.വികാസ് സംസ്ഥാന സെക്രട്ടറി, സി.ഉല്ലാസ് സംസ്ഥാന കമ്മറ്റി മെമ്പർ പങ്കെടുത്തു.