കോഴിക്കോട്: ബ്രിട്ടീഷുകാർ ഇന്ത്യയിൽ അധികാരം നിലനിർത്താൻ നടപ്പാക്കിയ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റുന്ന മോദിയും, ബിജെപിയും പരാജയപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിച്ച്, ശത്രുതയുണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്. സ്വാതന്ത്ര്യ സമരത്തെ ദുർബലപ്പെടുത്താൻ ചെയ്ത ഈ നടപടിയെയും അതിജീവിച്ച് സുര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച പാരമ്പര്യമാണ് ഭാരത ജനതക്കുള്ളത്. വർഗ്ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ചാണ് ബിജെപി അധികാരത്തിലേറിയത്. അധികാരത്തിൽ വന്നതിനിശേഷം രാജ്യത്ത് ഐക്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. 1947ൽ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ നമ്മുടെ ആസ്തി 29 കോടി രൂപയായിരുന്നു. അത് റെയിൽവേയുടെതായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങളിലൂടെ ലക്ഷക്കണക്കിന് കോടി രൂപ ആസ്തി രാജ്യത്തിനുണ്ടാക്കിയത് കോൺഗ്രസ്സാണ്. അത് വിറ്റ് തുലച്ച് കോർപ്പറേറ്റ് മുതലാളിമാരെ വളർത്തലാണ് മോദിയുടെ ജോലി. 2014ൽ യുപിഎ സർക്കാർ അധികാരമൊഴിയുമ്പോൾ ദാരിദ്രത്തിന്റെ സ്ഥാനത്ത് ലോകത്ത് ഇന്ത്യ 58-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 7 വർഷത്തെ ബിജെപി ഭരണം അത് 101-ാം സ്ഥാനമായി ഉയർന്നു. 7500 കോടി രാപയിലധികമുള്ളവരാണ് ശതകോടീശ്വരന്മാർ. 2014ൽ ഞങ്ങൾ അധികാരമൊഴിയുമ്പോൾ 85 പേരാണ് ഉണ്ടായിരുന്നത്. 2021ൽ 7 വർഷം കൊണ്ട് അത് 123 എണ്ണമായി ഉയർന്നു. പാവങ്ങളെ കൂടുതൽ പാവങ്ങളാക്കുകയും, ശതകോടീശ്വരന്മാരെ വളർത്തുകയുമാണ് കേന്ദ്ര സർക്കാരിന്റെ കർമ്മ പദ്ധതി.
നെഹ്‌റുവിന്റെ മിക്‌സഡ് ഇക്കണോമി എന്ന തത്വം ലോകം അംഗീകരിച്ചതാണ്. കമ്യൂണിസ്റ്റ് പാതയിലേക്ക് വന്ന റഷ്യയും, ചൈനയും, വിയറ്റ്‌നാമും, ഉത്തര കൊറിയയുമെല്ലാം പിന്നീട് ഇത് അംഗീകരിക്കുന്നതാണ് ലോകം കണ്ടത്. കോൺഗ്രസ്സിന്റെ ദർശനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. മതേതരത്വം ഭാരതത്തിന്റെ ആത്മാവാണ്. 8-ാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് വന്ന മുസ്ലിംകളെയും, എഡി 52ൽ വന്ന ക്രിസ്ത്യാനികളെയും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കൾ. ഹിന്ദു എന്നത് ഒരു സംസ്‌കാരമാണെന്ന സ്വാമി വിവേകാനന്ദന്റെ ദർശനം ബിജെപി നേതൃത്വം ഓർക്കണം. കേരളത്തിൽ സാമൂതിരി രാജവംശം ഇതര സമുദായങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പിന്നണിയിൽ കിടന്ന രാജ്യത്തെ ലോകത്തിന്റെ നെറുകയിൽലെത്തിച്ചതും രാജ്യത്തെ ജനങ്ങളെ ഉന്നതിയിലേക്ക് നയിച്ചതും കോൺഗ്രസ്സാണ്. ഇന്ത്യക്കാരന്റെ മനസ്സിലുള്ള മതേതരത്വം ആയിരം മോദിമാർ വന്നാലും തകർക്കാനാവില്ലെന്നദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഡിസിസി ഹാളിൽ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് അഡ്വ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സിറിയക് ജോൺ, മുൻ മേയർ സി.ജെ.റോബിൻ, തിക്കോടി നാരായണൻ മാസ്റ്റർ, പി.കെ.മാമുക്കോയ, എം.എം.ശ്രീധരൻ എന്നീ മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. ഇ.അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു, കെ.എം.അഭിജിത്ത്, ഉഷാദേവി ടീച്ചർ, പി.എം.അബ്ദുറഹിമാൻ, ഗൗരി, കെ.സി.ശോഭിത, നിഹാൽ എന്നിവർ സംസാരിച്ചു.