പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടും മന്ത്രി പി.പ്രസാദ്

പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടും മന്ത്രി പി.പ്രസാദ്

കോക്കോ റോയൽ ബ്രോഷർ പ്രകാശനം ചെയ്തു.

കോഴിക്കോട്: കേരളീയർക്കാവശ്യമായ പച്ചക്കറി ഉൽപ്പാദനത്തിൽ വരും നാളുകളിൽ സ്വയം പര്യാപ്തത നേടാൻ പദ്ധതികളാവിഷ്‌ക്കരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. നമ്മുടെ ഉൽപ്പാദനവും, ഉപഭോഗവും തമ്മിൽ ആറര ലക്ഷം ടണ്ണിന്റെ വ്യത്യാസമാണുള്ളത്. ഞാനും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം കേരളീയർ ഏറ്റെടുക്കണം. വിഷം കലരാത്ത പച്ചക്കറി കഴിക്കാൻ നാം കൃഷിക്കാരായേ മതിയാകൂ എന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേരള സംസ്ഥാന നാളികേര വികസന കേർപ്പറേഷന്റെ കോക്കോ റോയൽ കോക്കനട്ട് ഓയിലിന്റെ ലോഗോ പ്രകാശനവും കേരജം ഹെയർ ഓയിലിന്റെ വിപണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. മലയാളിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട വൃക്ഷമാണ് തെങ്ങ്. നാളികേരത്തിന് വില കുറയുമ്പോഴും, വെളിച്ചെണ്ണക്കും, സോപ്പിനും മറ്റ് വെളിച്ചെണ്ണകൊണ്ട് ഉണ്ടാക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും വില കൂടുകയാണ്. ഇതിന്റെ യാതൊരു ഗുണവും നാളികേര കർഷകന് ലഭിക്കുന്നില്ല. മാർക്കറ്റിൽ മായം കലർന്ന വെളിച്ചെണ്ണ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ സ്ഥാപനമായ കോർപ്പറേഷൻ യാതൊരു മായവുമില്ലാതെ നിർമ്മിച്ച് വിപണനം നടത്തുന്ന വെളിച്ചെണ്ണയും മറ്റ് പ്രൊഡക്ടുകൾക്കും മാർക്കറ്റിൽ നല്ല പങ്ക് വഹിക്കാൻ സാധിക്കും. സംസ്ഥാനത്ത് പ്രതിവർഷം 15 ലക്ഷം പുതിയ തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കൽ നടന്നു വരികയാണ്. പുതുതായി 84 കേര ഗ്രാമങ്ങൾ കൂടി സ്ഥാപിക്കുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ വലിയ പരസ്യങ്ങളിലൂടെ മലയാളികളെ പറ്റിക്കുകയാണ്. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലത്ത് ഭക്ഷണത്തിൽ സാക്ഷരത വേണം. നിലവിലെ പച്ചക്കറി വില പിടിച്ചു നിർത്താൻ സർക്കാർ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ പച്ചക്കറികളുമടങ്ങിയ 28 തക്കാളി വണ്ടികൾ, 1500 ചന്തകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ആന്ധ്ര. തെലുങ്കാന, കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ സർക്കാരുകളുടെ സഹായത്തോടെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് കേരളത്തിലെത്തിക്കുന്നുണ്ട്. ഇടനിലക്കാരാണ് വൻ ലാഭമെടുക്കുന്നത്. ഇതിന് ഇതോടെ അമിത വില വരും. കഷി ജനകീയ ഉത്സവമാക്കി മാറ്റും, കർഷകന് കൃഷികൊണ്ട് തന്നെ അന്തസായി ജീവിക്കാൻ കഴിയുന്ന അവസ്ഥ സൃഷ്ടിക്കും. കോർപ്പറേഷൻ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പ്രൊഡക്ട് വിൽക്കുമ്പോൾ ലാഭത്തിന്റെ വിഹിതം കൂടി കർഷകന് നൽകാൻ കഴിയുമോ എന്ന് പരിശോധിക്കും. വലിയ പരസ്യങ്ങളുടെ പിന്തുണയോടെ വൻകിട കോർപ്പറേറ്റ് കമ്പനികൾ വെളിച്ചെണ്ണയടക്കം മാർക്കറ്റ് ചെയ്യുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വലിയ സാമൂഹിക ദൗത്യമാണുള്ളത്. ജനഹിതത്തിന് പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കോർപ്പറേഷൻ ചെയർമാൻ എം.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. മാനേജിംഗ് ഡയറക്ടർ എ.കെ.സിദ്ധാർത്ഥൻ, ടി.വി.ബാലൻ, ശൈഫുന്നിസ.സി.പി, നിഖിൽ.പി.പി പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *