അരുത് അരുംകൊല അരുത്

ഒരിക്കലും മനുഷ്യ മന:സാക്ഷിക്ക് അംഗീകരിക്കാൻ പറ്റാത്ത രണ്ട് അരുംകൊലപാതകങ്ങളുടെ വാർത്ത കേട്ടാണ് ഇന്നലെ നാം ഉണർന്നത്. ആലപ്പുഴജില്ലയിൽ രണ്ട് രാഷ്ട്രീയ പ്രവർത്തകർ നിഷ്‌ക്കരുണം കൊല്ലപ്പെട്ടിരിക്കുന്നു. പ്രബുദ്ധ കേരളത്തിന് അപമാനകരവും, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തീരാദു:ഖവുമുണ്ടാക്കിയ ഈ സംഭവത്തിലെ കണ്ണികൾ എത്ര ഉന്നതരായാലും നിയമത്തിന്റെ മുൻപിൽ കൊണ്ട് വന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണം.
രാഷ്ട്രീയ കൊലപാതകങ്ങൾ ഇടക്കിടെ ഇവിടെ ഉണ്ടാകുന്നതിന് ഉത്തരവാദികൾ ആര്? രാഷ്ട്രീയമെന്നാൽ കൊലയും അക്രമവുമാണെന്ന സന്ദേശം പകരുന്നവരാര്? എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഒരു പ്രത്യയശാസ്ത്രത്തെയും അടിച്ചമർത്തലിലൂടെ ഇല്ലാതാക്കാനോ, തങ്ങളുടെ വരുതിയിലാക്കാനോ കഴിയില്ലെന്ന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ട്. രാഷ്ട്രീയമെന്നാൽ നാടിനുവേണ്ടിയുള്ള നിസ്വാർത്ഥമായ സർഗ്ഗാത്മക പ്രവർത്തനമാണെന്നത് നമ്മുടെ പൂർവ്വികർ കാണിച്ച് തന്നിട്ടുമുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആശയങ്ങളെ ആയുധമുപയോഗിച്ച് ഒതുക്കാമെന്നതല്ല അതിനെ ആശയം കൊണ്ട് ചെറുക്കാമെന്നാണ് ഓരോ രാഷ്ട്രീയ പാർട്ടിയും അണികളെ പഠിപ്പിക്കേണ്ടത്. രാഷ്ട്രീയ പ്രവർത്തനം ഫാസിസത്തിന്റെ തലത്തിലേക്ക് വഴിമാറിയതാണ് ഈ രണ്ട് കൊലപാതകങ്ങൾക്കും അടിസ്ഥാനം.
രാഷ്ട്രീയ പാർട്ടികൾ നിലപാടുകൾ പരിശോധിക്കേണ്ടതുണ്ട്. വിദൂര നാടുകളിൽ വാർത്തകളിൽ വരുന്ന അക്രമവും കൊലപാതകവും നമ്മുടെ നാടിന്റെ സംസ്‌കാരമല്ല എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കേരളീയരായ നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.
കൊലചെയ്യപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥ ഓർത്ത് നോക്കൂ. അനാഥരാവുന്ന കുട്ടികൾ, വിധവയാകുന്ന സ്ത്രീയുടെ തോരാത്ത കണ്ണുനീർ, പ്രായമായ മാതാപിതാക്കളുടെ ദു:ഖം, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ ഇവരുടെയെല്ലാം ദു:ഖം ഇതിന് ആര് ഉത്തരം പറയും. രാഷ്ട്രീയ നേതാക്കളുടെ ആശ്വാസ വാക്കുകൾക്കൊന്നിനും ഇതിന് പരിഹാരം കാണാനാകില്ല.
പ്രാണനെടുക്കാൻ ഇത്തരക്കാർക്ക് ആരാണ് അവകാശം നൽകിയത്. പ്രാണനെ അതിക്രൂരമായി ഇല്ലാതാക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശമില്ല. ഇതല്ല തങ്ങളുടെ മാർഗമെന്ന് അവർ ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നതിന്റെ നേർവിപരീത ഫലത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ആത്മ പരിശോധന നടത്തണം.
സമകാലിക കേരള രാഷ്ട്രീയത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അണിയറയിലിരുന്ന് തീവ്ര-ഫാസിസത്തന്റെ തിട്ടൂരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന നേതാക്കൾ ജനാധിപത്യത്തിന് അപകടമാണ്. എതിരഭിപ്രായങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കുകയും, ആശയവ്യക്തതകൊണ്ട് അതിനെ പ്രതിരോധിക്കലുമാണ് ഓരോ രാഷ്ട്രീയ പ്രവർത്തകന്റെയും കടമ. മതത്തിന്റെയും, ആശയങ്ങളുടെയും ആധിപത്യത്തിനായി പ്രവർത്തിക്കാൻ ഇത്തരക്കാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പരിശുദ്ധവും, നീതിബോധവും, കരുണയും, മനുഷ്യനെ ചേർത്തു നിർത്തുകയും ചെയ്യുന്ന മതതത്വശാസ്ത്രങ്ങൾ, മറ്റ് ആശയ സംഹിതകൾ അക്രമത്തിന്റെ മാർഗ്ഗത്തിലൂടെ പ്രചരിപ്പിക്കാൻ ആർക്കും അവകാശം കൊടുത്തിട്ടില്ല. അത്തരക്കാരൊന്നും യഥാർത്ഥ മനുഷ്യ നന്മയുടെ വക്താക്കളുമല്ല. രാഷ്ട്രീയ പാർട്ടികൾ അവരുടെ കരുത്ത് വർദ്ധിപ്പിക്കേണ്ടത് ജനപക്ഷം നിന്ന് അവർക്ക് വേണ്ടി പ്രവർത്തിച്ച് അവരുടെ അംഗീകാരം നേടുമ്പോഴാണ്.
എന്തൊക്കെ അനാവശ്യ വിവാദങ്ങളാണ് കേരളീയ സമൂഹത്തിൽ ഈയടുത്ത കാലത്ത് ചില കേന്ദ്രങ്ങൾ മനുഷ്യനെ ഭിന്നിപ്പിക്കാൻ ഉയർത്തിക്കൊണ്ടുവരുന്നത്. ഏകോദര സഹോദരങ്ങളെപോലെ കഴിയുന്ന നമ്മളെ നിക്ഷിപ്ത താൽപര്യത്തിന്റെ മറവിൽ വേർതിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമടക്കമുള്ള ഏത് സംവിധാനത്തെയും നമ്മുടെ മനസ്സിന്റെ പടിക്ക് നിർത്താൻ തയ്യാറാവണം.
മനുഷ്യന്റെ ജീവത്തായ വിഷയങ്ങൾ പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധവായു, ശുദ്ധജലം, നല്ല ഭക്ഷണം ഇതൊക്കെയാവണം മുഖ്യ അജണ്ടകളായി എല്ലാവരും എടുക്കേണ്ടത്. ജാതി-മത-വർഗ്ഗീയ ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളെ കാലം ചവറ്റുകൊട്ടയിലെറിയുക തന്നെ ചെയ്യും.
രാഷ്ട്രീയ കൊലപാതകത്തിൽ കൊല്ലപ്പെട്ട സഹോദരന്മാരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക്‌ചേരുന്നു. ഇത്തരം ദു:ഖകരമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ കേരളീയരായ നമുക്ക് ജാഗ്രത പുലർത്താം.

Share

Leave a Reply

Your email address will not be published. Required fields are marked *