നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണം

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനാൽ നട്ടം തിരിയുകയാണ് ജനങ്ങൾ. സർക്കാർ സ്ഥാപനമായ സപ്ലൈകോ ഇതിനിടയിൽ വർദ്ധിപ്പിച്ച വില പ്രതിഷേധത്തെ തുടർന്ന് കുറച്ചിട്ടുണ്ട്. പച്ചക്കറികളുടെ വിലയാണ് താങ്ങാനാവാത്തത്. പച്ചക്കറികൾക്കാണെങ്കിൽ നാം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളം ഒരു കൺസ്യൂമർ സംസ്ഥാനമാണെന്നത് തർക്കമറ്റ വസ്തുതയാണ്. എന്നാലും കാർഷിക മേഖലയിൽ നാം തിരിച്ചുവരേണ്ടിയിരിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കാത്തതാണ് വിള കൃഷികളിൽ നിന്ന് കർഷകരെ പിന്നോട്ടടിപ്പിക്കുന്നത്. നമ്മുടെ പ്രധാന വിളയായ നാളികേരത്തിന്റെ അവസ്ഥ തന്നെ പരിതാപകരമാണ്. കാർഷിക വിളകൾക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വില കിട്ടുമെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഈ ദിശയിലും സമഗ്രമായ പദ്ധതികൾ രൂപപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പച്ചക്കറി കൃഷിയിൽ നമുക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. മറ്റിടങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളിൽ അമിതമായ വളപ്രയോഗം നടക്കുന്നുണ്ടെന്നും, അത് നമുക്ക് രോഗങ്ങൾ നൽകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ട് നാളുകളേറെയായി. ഇതെല്ലാം മനസ്സിലാക്കിയിട്ടും പച്ചക്കറി കൃഷിയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇപ്പോഴും നമുക്കാവുന്നില്ല എന്നതാണ് വസ്തുത. സർക്കാരിന്റെതടക്കം തരിശായി കിടക്കുന്ന ഭൂമികളിൽ പച്ചക്കറി കൃഷി ചെയ്യാൻ സാധിച്ചാൽ ഇവിടുത്തെ ആവശ്യകതയും നടക്കും കൂടാതെ വിഷരഹിത പച്ചക്കറികൾ കഴിക്കാനുമാകും.
ഇപ്പോൾ പച്ചക്കറിക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. തക്കാളി, മുരിങ്ങക്കായ എന്നിവയുടെ അടുത്തേക്ക് പോകാനാവാത്ത അവസ്ഥയാണ്. പച്ചക്കറികൾക്ക് തീവിലയാകുമ്പോഴും അത് ഉൽപ്പാദിപ്പിക്കുന്ന കർഷകന് ന്യായവില കിട്ടുന്നില്ല എന്നതാണ് സത്യം. ഈ കൊള്ളലാഭമടിച്ചുമാറ്റുന്നത് ഇടനിലക്കാരാണ്. ഈ രംഗത്തേക്ക് കടന്നുവന്നിട്ടുള്ള കുത്തക കമ്പനികളാണ് മറ്റൊരു ഭീഷണി. അവർ കൃഷിയിടങ്ങൾ കൈക്കലാക്കുകയും, ദീർഘകാലം പഴം, പച്ചക്കറികൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരിക്കുകയാണ്. ഈ രംഗത്തെ കുത്തക വൽക്കരണത്തിന്റെ ദൂഷ്യം കർഷകരോടൊപ്പം, ജനങ്ങളും അനുഭവിക്കേണ്ടിവരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനെല്ലാം ഒരേയൊരു പോംവഴിയേയുള്ളൂ. കേരളീയർ അവർക്കാവശ്യമുള്ള വിളകൾ കൃഷി ചെയ്യാൻ തയ്യാറാകണം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാത്തിരുന്നാൽ നമ്മുടെ വിശപ്പ് മാറില്ലെന്നതും തിരിച്ചറിയാൻ വൈകിക്കൂടാ!
ഇവിടുത്തെ കാലാവസ്ഥക്കനുസരിച്ച് ചെയ്യാൻ സാധിക്കുന്ന കൃഷിവിളകൾ നാം സുലഭമായി ഉൽപ്പാദിപ്പിക്കണം. വൈറ്റ്‌കോളർ ജോലിക്കായുള്ള നെട്ടോട്ടം അവസാനിപ്പിച്ച് അഭ്യസ്തവിദ്യരടക്കം കാർഷിക വൃത്തിയിലേർപ്പെട്ടാൽ നാം ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇവിടുത്തെ മാർക്കറ്റിനു പുറമെ ആഭ്യന്തര-വിദേശ മാർക്കറ്റുകളും കയ്യടക്കാൻ സാധിക്കും. സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ എല്ലാം അവരുടെ പ്രവർത്തനങ്ങളിലെ ഒരു അജണ്ടയായി കാർഷികവൃത്തി ഉൾപ്പെടുത്തണം. നമുക്ക് ബൃഹത്തായ ഒരു കൃഷി വകുപ്പുണ്ടെങ്കിലും അവരുടെ ഇടപെടൽ എത്രകണ്ട് ഈ രംഗത്ത് പുരോഗതി കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും പരിശോധിക്കണം. പഴങ്ങൾ, പച്ചക്കറികൾ, നാണ്യവിളകൾ സുലഭമായി കൃഷി ചെയ്യാൻ സാധിക്കുന്ന കേരളത്തിൽ അതിനെല്ലാം ദൗർലഭ്യം നേരിട്ടാൽ ഉത്തരവാദികൾ അവരല്ല നാം തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *