ചെറുവണ്ണൂർ:ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന മോഡൽ പഞ്ചായത്ത് പദ്ധതിയായ ഭൗമദീപത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ക്ഷീരകർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് സർക്കാർ നിരവധി സഹായ, ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകർഷകർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊർജസ്വലമായ പ്രവർത്തനമാണ് നടത്തുന്നത്. കുളമ്പുരോഗ പ്രതിരോധത്തിനായി മൃഗസംരക്ഷണ വകുപ്പ് മുൻകൈയെടുത്ത് സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും കുത്തിവെപ്പ് നൽകിവരികയാണ്. മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്റിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി. കന്നുകാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്റിനറി വാഹന സൗകര്യ പദ്ധതി ജില്ലകളിൽ യാഥാർഥ്യമാക്കും.
ക്ഷീര കർഷകരുടെ പാൽ ഉൽപാദന ചെലവ് കുറയ്ക്കുന്നതിനും, ഗുണനിലവാരമുള്ള കാലിത്തീറ്റ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതിനും, ക്ഷീരകർഷർക്ക് പെൻഷൻ ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. കിസാൻ റെയിൽ പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലി തീറ്റ കേരളത്തിൽ എത്തിക്കുന്നത് പരിഗണനയിലാണ്.
സംസ്ഥാനത്ത് തീറ്റ പുൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും. ക്ഷീര മേഖലക്കൊപ്പം മൊട്ട, ഇറച്ചി ഉത്പാദനവും വർധിപ്പിക്കും. കേന്ദ്രം നൽകുന്ന വെറ്റിനറി ആംബുലൻസുകളുടെ ടെണ്ടർ നടപടി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. യുവാക്കളും പ്രവാസികളും സ്ത്രീകളും ഇന്ന് ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ വിവിധ നൂതന പദ്ധതികൾക്കു സർക്കാർ രൂപം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ ക്ഷീരകർഷകരുടെ ഉന്നമനം, പരിസ്ഥിതി ജൈവഗ്രഹ സംരക്ഷണം, മണ്ണ്-ജല മലിനീകരണ നിയന്ത്രണം, രോഗനിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് ഭൗമദീപം. ചെറുവണ്ണൂർ പഞ്ചായത്തിലെ കർഷക ഭവനങ്ങളിൽ ജൈവ മാലിന്യ സംസ്‌കരണത്തിലൂടെ പാചകവാതക ഉത്പാദനം, സമ്പുഷ്ട ജൈവവളം നിർമ്മാണം എന്നിവക്കായി ആവിഷ്‌ക്കരിച്ച് സർക്കാർ സ്ഥാപനമായ അനെർട്ടിന്റെ സാങ്കേതിക സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയാണിത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും കർഷകരുടെ പാചകവാതക ചെലവ് ചുരുക്കുന്നതിനും സമ്പുഷ്ടമായ വളം നിർമ്മാണത്തിനും അതുവഴി ദൈനംദിന ജീവിത ചിലവ് നിയന്ത്രിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ടി. പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ എ കൗശിഗൻ മുഖ്യാതിഥിയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ കെ രമാദേവി പദ്ധതി വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡോ കെ കെ ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ ടി രാധ, വൈസ് പ്രസിഡന്റ് വി പി പ്രവിത, ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു, വി പി ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ സജീവൻ, കെ അജിത, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ബിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി മോനിഷ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീഷ ഗണേഷ്, മറ്റുജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ചു നടന്ന സെമിനാറിൽ മൃഗസംരക്ഷണവകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ സുരേഷ് ടി ഓറനാടി, അനെർട്ട് അഡിഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ പി ജയചന്ദ്രൻ നായർ, ഡോ സുനിൽ കുമാർ, ഡോ ഇ കെ പ്രീത എന്നിവർ ക്ലാസുകൾ എടുത്തു.