കോഴിക്കോട്: കോവിഡ് കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതിരുന്ന ഘട്ടത്തിൽ വീടുകളിൽ വന്ന് പരിശോധന നടത്തി മാതൃക സൃഷ്ടിച്ചവരാണ് മെഡിക്കൽ ലാബുകളെന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു. ലാബുടമകളുടെ സംഘടന കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ ലാബുകളുടെ സൗകര്യം വികസിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ കാലത്തിനനുസരിച്ച് ലാബുകളിൽ നടപ്പാക്കണം. കോവിഡ് കാലത്ത് ചില സംസ്ഥാനങ്ങളിൽ മൃതദേഹങ്ങൾ നദികളിലൂടെ ഒഴുകി വന്നത് നാം കണ്ടതാണ്. എന്നാൽ കേരളം ആരോഗ്യ രംഗത്ത് ഇന്ത്യക്ക് തന്നെ മാതൃകയാണെന്നവർ കൂട്ടിച്ചേർത്തു. മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം കോയിൽകോട്ട 2021 ഹോട്ടൽ മലബാർ പാലസിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട് ഇസ്മയിൽ മേലടി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഗിരീശൻ നെടുങ്ങാടി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ്.വി.തോമസ് പ്രസംഗിച്ചു. രതീഷ് കുമാർ കണ്ണൂർ കെ.ബാബു, പ്രതാപ് വാസു, മോഹനൻ മൂത്തോന പ്രസംഗിച്ചു. പാരാമെഡിക്കൽ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നും, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിൽ രജിസ്റ്റർ ചെയ്ത എല്ലാ മെഡിക്കൽ ലബോറട്ടറികൾക്കും സ്ഥിരം രജിസ്‌ട്രേഷൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.