കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന്റെ ‘വർണ്ണം’ പദ്ധതി പ്രകാരം ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ പഠിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെഗുലർ പഠനം നടത്താൻ സാധിക്കാത്ത ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനു സാമ്പത്തിക സഹായം അനുവദിയ്ക്കുന്ന പുതിയ പദ്ധതിയാണ് ‘വർണ്ണം’. കോഴ്‌സ് രജിസ്‌ട്രേഷൻ മുതൽ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ ചെലവുകൾക്കും പ്രതിവർഷം പരമാവധി 24,000 രൂപ വരെ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അപേക്ഷ ഫോം, വിശദവിവരങ്ങൾ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഫോമിൽ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.